പാതിരാ പരിശോധന: സംഘർഷഭരിതം, ഉദ്വേഗജനകം
text_fieldsപാലക്കാട്: കള്ളപ്പണ പരാതിയെത്തുടർന്ന് പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് നടത്തിയ പാതിരാ പരിശോധന വഴിവെച്ചത് തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കുന്ന സംഭവപരമ്പരകൾക്ക്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ കോൺഗ്രസ് വനിതാനേതാക്കളടക്കം തങ്ങിയ മുറികളിലാണ് അർധരാത്രി പൊലീസ് പരിശോധന നടത്തിയത്. പൊലീസ് ഒന്നും കിട്ടാതെ മടങ്ങിയെന്നു മാത്രമല്ല, തുടർന്ന് നടന്ന സംഭവങ്ങൾ സംഘർഷങ്ങൾക്കും പോർവിളികൾക്കും കാരണമാകുകയും ചെയ്തു. പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടുകയും ബുധനാഴ്ച ശക്തമായ പ്രതിഷേധമാർച്ച് അരങ്ങേറുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി 11-11.30: യു.ഡി.എഫിനുവേണ്ടി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കെ.പി.എം ഹോട്ടലിലേക്ക് നീല ട്രോളി ബാഗിൽ കള്ളപ്പണമെത്തിയെന്ന് സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി കാറിൽ ട്രോളി ബാഗിൽ പണം ഹോട്ടലിലെത്തിച്ചെന്നായിരുന്നു പ്രചാരണം. വെസ്റ്റ്-നോർത്ത് സി.ഐമാരടങ്ങുന്ന പൊലീസ് സംഘം ഹോട്ടലിലെത്തി പരിശോധന തുടങ്ങുന്നു. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ ഹോട്ടലിനു മുന്നിൽ തടിച്ചുകൂടി. വൈകാതെ ബി.ജെ.പി പ്രവർത്തകരുമെത്തി.
രാത്രി 11.45: കെ.പി.എം ഹോട്ടലിൽ താമസിക്കുന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗം ടി.വി. രാജേഷിന്റെയും ജില്ല കമ്മിറ്റിയിലെ ക്ഷണിതാവ് എം.വി. നികേഷ് കുമാറിന്റെയും റൂമുകളിൽ പൊലീസെത്തി പരിശോധന നടത്തുന്നു.
12.00: ആദ്യ നിലയിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പരിശോധന. മഫ്തിയിലടക്കം നാലു പൊലീസുകാരെ കണ്ട് എന്താണെന്ന് ചോദിച്ചപ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണെന്ന് മറുപടി. കതക് തുറക്കണമെന്ന ആവശ്യത്തെ ചോദ്യംചെയ്ത് വാതിലടച്ചു. വനിത പൊലീസെത്തണമെന്നായിരുന്നു ആവശ്യം. 20 മിനിറ്റിനുശേഷം വനിത പൊലീസെത്തിയാണ് തുറന്നത്. പിന്നീട് പരിശോധന. ഒന്നും കിട്ടിയില്ല.
12.30: മൂന്നാംനിലയിലെ ബിന്ദു കൃഷ്ണയുടെ മുറിയിൽ മുട്ടുന്നു. മേശക്കടിയിലെ പെട്ടിയടക്കം എടുത്തുതരാനാവശ്യപ്പെട്ടു. പരിശോധിച്ചു. പരിശോധന സംഘത്തിലെ മഫ്തിയിലെത്തിയവരോട് യൂനിഫോം ചോദിച്ച് ഷാനിമോൾ ഉസ്മാനും കോൺഗ്രസ് പ്രവർത്തകരും.
12.45: സ്ഥാനാർഥി രാഹുലിനെ പണപ്പെട്ടിയോടെ ഇറക്കിവിടാനാവശ്യപ്പെട്ട് പുറത്ത് ബഹളം. എ.എ. റഹീം എം.പി, പി.എം. ആർഷോ, നിതിൻ കണിച്ചേരി, കെ.സി. റിയാസുദ്ദീൻ എന്നിവരടക്കം സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കൾ അവിടെയെത്തി. വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജ്യോതികുമാർ ചാമക്കാല എന്നീ കോൺഗ്രസ് നേതാക്കളും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറടക്കമുള്ള ബി.ജെ.പി പ്രവർത്തകരുമെത്തി. പ്രതിരോധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ ബഹളംവെച്ചു. ഹോട്ടലിന് അകത്തും പുറത്തും ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷം. കൈയാങ്കളി.
1.00: കുഴൽപണം എവിടെയെന്ന് ചോദിച്ച ബി.ജെ.പി പ്രവർത്തകരോട് കുഴൽപണക്കേസ് ചോദിച്ച് വാഗ്വാദം. സംഘർഷം. ഒന്നും കണ്ടെത്താനായില്ലെന്ന് പറഞ്ഞ പൊലീസിനോട് അത് എഴുതിത്തരാനാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. തന്നില്ലെങ്കിൽ പുറത്തുവിടാനനുവദിക്കില്ലെന്ന് പ്രവർത്തകർ.
1.45: പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥൻ എത്തിയത് 1.45ന്. പരാതിയെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അഞ്ചു മുറികളിലെ പരിശോധന പൂർത്തിയാക്കി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് സെർച്ച് ലിസ്റ്റിൽ രേഖപ്പെടുത്തി പൊലീസ് കൈമാറി. അപ്പോഴേക്കും സംഘർഷം മൂർച്ഛിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പണപ്പെട്ടിയുമായി മുങ്ങിയെന്ന് സി.പി.എം പ്രവർത്തകർ ആരോപിച്ചു.
2.45: താന്‍ ഇപ്പോള്‍ കോഴിക്കോട്ടാണുള്ളതെന്ന് കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍നിന്ന് ഫേസ്ബുക്ക് ലൈവ് വിഡിയോയിൽ രാഹുൽ മാങ്കൂട്ടത്തിൽ. ബുധനാഴ്ച പുലർച്ച രണ്ടരയോടെയായിരുന്നു കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍നിന്ന് ലൈവ്.
പുലർച്ച 4.15: തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധനയാണ് നടന്നതെന്ന് എ.എസ്.പി അശ്വതി ജിജി പറഞ്ഞു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. 42 മുറികളുള്ള ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.എസ്.പി പറഞ്ഞു.
ബുധൻ രാവിലെ 6.45: ഹോട്ടലിൽ കള്ളപ്പണം സൂക്ഷിച്ചിരുന്നെന്ന നിലപാടിലുറച്ച് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. മുറികൾ പരിശോധിക്കാൻ പൊലീസിനെ അനുവദിക്കാത്തതിലൂടെ പണം കടത്താൻ അവസരം ലഭിച്ചെന്നും സി.സി.ടി.വി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചക്ക്: 3.00: കെ.പി.എം ഹോട്ടലിലെ സി.സി.ടി.വി ഹാർഡ് ഡിസ്ക് പാലക്കാട് സൗത്ത് സി.ഐ ആദംഖാൻ പരിശോധിക്കാനെത്തുന്നു.
വൈകീട്ട് 4.00: ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ എന്നിവർക്കെതിരെയുൾപ്പെടെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകി.
വൈകീട്ട് 5.15: നേതാക്കളെ അപമാനിച്ചതില്‍ വനിത കമീഷന് പരാതി നല്‍കി യു.ഡി.എഫ്. മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹരജി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.