ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുസംഘം കവർന്ന മലയാളിയുടെ 95,000 രൂപ തിരിച്ചുപിടിച്ച് പൊലീസ്
text_fieldsആലുവ: എ.ടി.എം കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനയച്ച സന്ദേശം വഴി നഷ്ടപ്പെട്ട 95,000 രൂപ റൂറൽ ജില്ല സൈബർ പൊലീസ് ടീം യുവാവിന് തിരിച്ചുപിടിച്ചു നൽകി. ആലുവ സ്വദേശിയായ യുവാവിനാണ് പൊലീസ് തുണയായത്.
പാൻകാർഡും എ.ടി.എം കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ പറഞ്ഞ് നിരന്തരമായി മൊബൈലിൽ സന്ദേശമെത്തിയെങ്കിലും യുവാവ് അതൊക്കെ അവഗണിക്കുകയായിരുന്നു. ഒടുവിൽ കാർഡ് ഇന്നു തന്നെ ബ്ലോക്ക് ആകുമെന്ന 'അന്ത്യശാസനത്തിൽ 'പെട്ടുപോയി.
ഉടനെ മൊബൈലിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. ദേശസാൽകൃത ബാങ്കിൻറെ വ്യാജ വെബ് സൈറ്റിലേക്കാണ് ലിങ്ക് ചെന്നു കയറിയത്. യാതൊരു സംശയവും തോന്നാത്ത വിധത്തിൽ ഒറിജിനലിനെ വെല്ലുന്ന വിധത്തിലുള്ളതായിരുന്നു വെബ്സൈറ്റ്. യൂസർ നെയിമും പാസ്വേഡും ഉൾപ്പെടെ അതിൽ ആവശ്യപ്പെട്ടിട്ടുള്ള സകല വിവരങ്ങളും ടൈപ്പ് ചെയ്ത് നൽകി.
ഉടനെ ഒരു ഒ.ടി.പി നമ്പർ വന്നു. അതും സൈറ്റിൽ ടൈപ്പ് ചെയ്തു കൊടുത്തു. അധികം വൈകാതെ തട്ടിപ്പു സംഘം യുവാവിൻറെ അക്കൗണ്ട് തൂത്തു പെറുക്കി. 95,000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായി. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി.
എസ്.പിയുടെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുസംഘമാണ് ഇതിന് പിറകിലെന്ന് മനസിലാക്കി. സംഘം ഈ തുക ഒൺലൈൻ വ്യാപാര സ്‌ഥാപനത്തിൽ നിന്നും മൂന്നു തവണയായി സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.
തുടർന്ന് സ്‌ഥാപനവുമായി ബന്ധപ്പെടുകയും പർച്ചേസ് റദ്ദാക്കി ചെയ്ത് യുവാവിന് നഷ്ടപ്പെട്ട തുക അക്കൗണ്ടിലേക്ക് തിരികെയെത്തിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, സി.പി.ഒമാരായ വികാസ് മണി, ജെറി കുര്യാക്കോസ്, ലിജോ ജോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓൺലൈനിൽ വരുന്ന ഇത്തരം മെസേജുകൾ അവഗണിയ്ക്കുയാണ് വേണ്ടതെന്നും അല്ലെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.