രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: പി.വി. അൻവർ എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു
text_fieldsകോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി.വി. അൻവർ എം.എൽ.എക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ ജാമ്യമില്ലാ വകുപ്പാണ്.
പാലക്കാട്ടെ എടത്തനാട്ടുകാരയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡി.എൻ.എ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധി നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നായിരുന്നു പി.വി. അൻവറിന്‍റെ പരാമർശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നും ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അൻവർ പറഞ്ഞു. പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.