പാനായിക്കുളം സിമി കേസിൽ വെറുതെവിട്ടയാളെയടക്കം കരുതൽ തടങ്കലിൽവെച്ച് പൊലീസ്
text_fieldsആലുവ: പാനായിക്കുളം സിമി കേസ് സുപ്രീംകോടതി വരെ തള്ളിക്കളഞ്ഞിട്ടും പ്രതി ചേർക്കപ്പെട്ടയാളെ വീണ്ടും വേട്ടയാടി പൊലീസ്. കളമശ്ശേരി സ്ഫോടനക്കേസിന്റെ പേരിലാണ് കോടതി വെറുതെ വിട്ടയാളെയടക്കം മണിക്കൂറുകളോളം ആലുവ പൊലീസ് കരുതൽതടങ്കലിൽ വെച്ചത്. പാനായിക്കുളം കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന പാനായിക്കുളം സ്വദേശി നിസാം, വാഗമൺ സിമി ക്യാമ്പ് കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ കുഞ്ഞുണ്ണിക്കര സ്വദേശി സത്താർ എന്നിവരെയാണ് ആലുവ സി.ഐ വീടുകളിലെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഉച്ചക്കാണ് നിസാമിനെ കൊണ്ടുപോയത്.
വൈകീട്ട് നാലുമണിയോടെ സത്താറിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ, കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റസമ്മതം നടത്തുകയും പൊലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും രാത്രി ഡിവൈ.എസ്.പി വന്നശേഷം വിടാമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇതിനിടയിൽ നിസാം, സ്റ്റേഷനിൽ തങ്ങളെ തടഞ്ഞുവെച്ചിട്ടുള്ള കാര്യം ചിത്രസഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ഉച്ചക്ക് കാളിങ് ബെൽ ശക്തിയായി അടിക്കുന്നതുകേട്ട് നോക്കിയപ്പോൾ വൻ പൊലീസ് പടയെ പുറത്തുകണ്ടതായി നിസാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കളമശ്ശേരി സംഭവം ന്യൂസിലൂടെ അറിഞ്ഞതുകൊണ്ട് ഒരുപാട് ചോദിക്കേണ്ടിവന്നില്ല. അവരുടെ വണ്ടിയിൽ ഏതായാലും കയറിയില്ല. സ്വന്തം വണ്ടിയിൽ ആലുവ സി.ഐ ഓഫിസിലേക്ക്. ഫോണിൽ മെസേജ് ഒന്നും അയക്കരുതെന്ന് സി.ഐ നിർദേശിച്ചിരുന്നു. ഇതോടെയാണ് നിസാം എഫ്.ബിയിലൂടെ വിവരം പുറത്തറിയിച്ചത്.
കുറച്ചുകഴിഞ്ഞ് സത്താറിനെയും കൊണ്ടുവന്നു. ആലുവയിൽ ഞങ്ങൾ രണ്ട് ‘ഭീകരവാദി’കളേ ഉള്ളൂവെന്ന് തോന്നുന്നതായി നിസാം പോസ്റ്റിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തതോടെ സന്ധ്യയോടെ ഇരുവരെയും സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.