ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ സംഭവസ്ഥലത്ത് നിന്ന് പോയ ശേഷമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ സംഭവ സ്ഥലത്ത് നിന്ന് പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്. ചിത്രങ്ങൾ അടിസ്ഥാനമാക്കി എ.ഡി.ജി.പി മനോജ് എബ്രഹാം തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
എസ്.എഫ്.ഐ പ്രവർത്തകർ കസേരയിൽ വാഴവെച്ച ശേഷവും ചുമരിൽ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നുവെന്നും ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമം നടക്കുമ്പോഴും പിന്നീട് ചില മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുമ്പോഴും ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീടാണ് തറയിൽ കിടക്കുന്ന നിലയിൽ ചിത്രം കാണപ്പെട്ടതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.പിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ രാഹുൽഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപറ്റ കൈനാട്ടിയിലെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവർത്തകർ എന്നിവരടക്കം 29 പേർ റിമാൻഡിലാണ്.
എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനൽ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.
രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റിയെ ഇന്നലെ പിരിച്ചുവിട്ടിരുന്നു. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.
സംസ്ഥാന തേതൃത്വത്തെ അറിയിച്ചല്ല എസ്.എഫ്.ഐ ജില്ല കമ്മിറ്റി എം.പി ഓഫിസ് മാർച്ച് സംഘടിപ്പിച്ചതെന്നാണ് സംസ്ഥാന ഭാരവാഹികൾ ആവർത്തിച്ച് വ്യക്തമാക്കിയത്. ജില്ലയിലെ പ്രവർത്തകരെയടക്കം ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ എം.പി ഇടപെടാത്തത് സംബന്ധിച്ച പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വ്യക്തി കേന്ദ്രീകൃതമായ മാർച്ച് നടത്തുക, ഓഫിസിനകത്തേക്ക് പോവുക തുടങ്ങിയ വിവരങ്ങൾ ജില്ല കമ്മിറ്റി അറിയിച്ചിരുന്നില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.