കൊലപാതക സമയത്ത് യാസിർ ലഹരി ഉപയോഗിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ട്; കൊലപാതകം ആസൂത്രണത്തോടെ
text_fieldsകോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ യാസിർ കൃത്യംനടത്തിയ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ്. യാസിറിന്റെ വൈദ്യപരിശോധനഫലം പുറത്ത് വന്നിരുന്നു. ഇതിലാണ് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് വ്യക്തമായത്. കൃത്യമായ ആസൂത്രണത്തോടെ സ്വബോധത്തോടെയാണ് യാസിർ കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, യാസിറിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ 28ന് ഷിബില പൊലീസിൽ പരാതി നൽകിയെങ്കിലും ഇതിൽ പൊലീസ് കാര്യമായ നടപടിയൊന്നും എടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ടെന്നതുൾപ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
കഴിഞ്ഞ ദിവസം ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷംകാറിൽ രക്ഷപ്പെട്ട ഷിബിലയുടെ ഭർത്താവ് യാസറിനെ രാത്രി 12 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റി പരിസരത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു.
രാസലഹരിക്ക് അടിമയായ യാസറിൻ്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്നാണ് അയൽവാസിയും വാർഡ് അംഗവുമായ ഡെന്നി വർഗീസ് പറയുന്നത്.
അടിവാരത്തെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഷിബില ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുഞ്ഞിന്റെ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കൂട്ടി കത്തിച്ച് വിഡിയോ എടുത്ത് വാടസ്ആപ്പിൽ സ്റ്റാറ്റസ് ആക്കുകയായിരുന്നു.
ഇത് കണ്ട് ഭയന്ന് ആ വീട്ടിലുള്ള സ്കൂൾ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ യാസറിൽ നിന്ന് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഷിബിലയുടെ വീട്ടുകാർ പഞ്ചായത്ത് അംഗത്തിനെ സമീപിക്കുകയായിരുന്നു. മധ്യസ്ഥ ചർച്ചയിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഏറ്റാണ് പിരിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഷിബിലയുടെ വീട്ടിലെത്തി യാസർ സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകുന്നേരം ഞാൻ വരും നമുക്ക് സലാം ചൊല്ലി പിരിയാമെന്ന് പറഞ്ഞാണ് യാസർ മടങ്ങിയത്. പിന്നീട് രാത്രി ഏഴുമണിയോടെ തിരിച്ചെത്തിയത് വെട്ടുകത്തിയുമായാണ്. തർക്കത്തിനിടെ ഷിബിലയെ ആഞ്ഞുവെട്ടുകയും തടയാൻ ശ്രമിച്ച മാതാപിതാക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.