ഇ.പി. ജയരാജന്റെ ആത്മകഥ ചോർന്നത് ഡി.സി ബുക്സിൽനിന്നെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsകോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്നത് ഡി.സി ബുക്സിൽനിന്നുതന്നെയാണെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിന്റെ ഇ-മെയിൽ വഴിയാണ് വിവരങ്ങൾ ചോർന്നതെന്നും എസ്.പി എ. ഷാഹുൽ ഹമീദ് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നേരത്തേ എസ്.പി നൽകിയ റിപ്പോർട്ട് കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡി.ജി.പി മടക്കിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വിശദ റിപ്പോർട്ട് സമർപ്പിച്ചത്.
പകർപ്പവകാശ നിയമ പരിധിയിൽ വരുന്നതിനാൽ പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് സംബന്ധിച്ചായിരുന്നു കേസ്. ഇതിൽ ഗൂഢാലോചന ആരോപിച്ച് ഇ.പി. ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം കോട്ടയം എസ്.പി.യെ ഏൽപിക്കുകയായിരുന്നു.
പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന -ഇ.പി. ജയരാജൻ
കണ്ണൂര്‍: തന്റെ ആത്മകഥ ചോർന്നത് ഡി.സി ബുക്സിൽനിന്നാണെന്ന പൊലീസ് കണ്ടെത്തല്‍ ശരിവെച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഇതുമായി ബന്ധപ്പെട്ട് നേരത്തേ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പൊലീസ് അന്വേഷണത്തിലുമുള്ളത്. എഴുതി പൂർത്തിയാക്കാത്ത ആത്മകഥ തെരഞ്ഞെടുപ്പ് ദിവസം ചോർത്തിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എന്ത് അഹന്തയും ധിക്കാരവുമാണതെന്നും ഇ.പി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യസന്ധമായ കാര്യങ്ങളാണ് പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത്. എങ്ങനെയാണ് ചോര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. വൈകാതെ ഇക്കാര്യത്തിൽ വ്യക്തത വരും- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.