ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്; കേസില്ല
text_fieldsകൊച്ചി: ഇന്ധനവിലവര്‍ധനക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെത്തിയാണ് താരം വൈദ്യപരിശോധനക്ക് വിധേയനായത്. ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. തുടർന്ന് ഇദ്ദേഹം പൊലീസ് സ്റ്റേഷനിൽനിന്ന് മടങ്ങി.
ഇന്ധനവിലക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് ഷിയാസ് ആരോപിച്ചിരുന്നു. ജോജു വനിതാപ്രവര്‍ത്തകരെ അധിക്ഷേപിച്ചുവെന്നും ഷിയാസ് പറഞ്ഞിരുന്നു. ജോജുവിനെ മർദിച്ചത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ താൻ മദ്യപിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ജോജു നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല ഞാന്‍ ഇവിടെ. ഏറെ മണിക്കൂറായി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടുള്ള ബുദ്ധിമുട്ടിലാണ് പ്രതിഷേധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്.
ജനങ്ങളെ ബുദ്ധിമുട്ടിച്ചാകരുത് അവരുടെ പ്രവര്‍ത്തനമെന്നും ജോജു വിമര്‍ശിച്ചു. സ്ത്രീകളോട് ഈ അവസരത്തില്‍ എന്നല്ല ഒരു അവസരത്തിലും മോശമായി പെരുമാറിയിട്ടില്ല. സ്ത്രീകളുടെ മൂല്യം എനിക്ക് അറിയാമെന്നും ജോജു വ്യക്തമാക്കി.
ഇന്ധന വിലവർധനവിനെതിരെ ഇന്ന് എറണാകുളത്ത് നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലാണ് പ്രതിഷേധവുമായി നടൻ ജോജു രംഗത്തെത്തിയത്. സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തരോട് അദ്ദേഹം ക്ഷോഭിക്കുകയായിരുന്നു. എറണാകുളത്തെ ഇടപ്പള്ളി വൈറ്റില ബൈപ്പാസാണ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.