ദുരന്ത മേഖലയിൽ വിശ്രമമില്ലാതെ പൊലീസ്
text_fieldsകല്പറ്റ: ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയതറിഞ്ഞ് ഓടിയെത്തിയവരില്‍ മേപ്പാടി പൊലീസും. മേപ്പാടി പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കാരാണ് പ്രദേശവാസികളുമായി ചേര്‍ന്ന് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
അതിനുമുമ്പേ, ചൂരല്‍മലക്ക് തൊട്ടടുത്തുള്ള ഏലവയല്‍ സ്വദേശിയായ മേപ്പാടി സ്റ്റേഷനിലെ പൊലീസുകാരനായ ജബലു റഹ്മാന് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ചൂരല്‍മലയിലെ സ്കൂളിനടുത്തേക്ക് ഒലിച്ചെത്തിയ രണ്ടു പേരെ ജബലുവും സംഘവും ആദ്യം രക്ഷിച്ചു. വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട ഇവര്‍ക്ക് ധരിച്ചിരുന്ന കോട്ടും ബനിയനുമെല്ലാം ഊരിനല്കിയാണ് ആശുപത്രിയിലേക്ക് അയച്ചത്.
രക്ഷാപ്രവര്‍ത്തനം തുടരാന്‍ ശ്രമങ്ങള്‍ ഊര്ജിതമാക്കിയപ്പോഴേക്കും വീണ്ടും ഉരുൾപൊട്ടി. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടുനിന്നവരെല്ലാം ജീവനുംകൊണ്ട് ഓടിമാറി. ഒഴുക്ക് കുറഞ്ഞപ്പോഴേക്കും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ചൂരല്‍മല പാലം തകര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് കടക്കാന്‍ ആദ്യം പാലം നിര്‍മിച്ചത് പൊലീസിന്റെ സ്പെഷൽ പ്രൊട്ടക്ഷന്‍ ഗ്രൂപ് (എസ്.ഒ.ജി)ആണ്.
ആ പാലമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവരെ രക്ഷിക്കാന്‍ മുണ്ടക്കൈ ഭാഗങ്ങളിലേക്ക് എത്തിപ്പെടാന്‍ സഹായകമായത്. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാർ വയനാട്ടിലെത്തി. മേപ്പാടിയില്‍നിന്ന് ദുരന്തഭാഗത്തേക്കുള്ള അനാവശ്യ യാത്രകള്‍ അവർ തടഞ്ഞു. എന്നാൽ, ആംബുലന്‍സുകളും മറ്റു ആവശ്യസർവിസുകളും അതിവേഗം കടത്തിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.