പൊലീസ് ‘ഓടിച്ചിട്ട് പിടിച്ചു’; ആ 18കാരനെ പുതുജീവിതത്തിലേക്ക്
text_fieldsവടകര: വീടുവിട്ടിറങ്ങി റെയിൽ പാളത്തിലെ മരണം തേടിയോടിയ 18കാരനെ പൊലീസ് പുതുജീവിതത്തിലേക്ക് ‘ഓടിച്ചിട്ടുപിടിച്ചു’. ജീവിതത്തിനും മരണത്തിനുമിടയിലെ ചൂളം വിളിക്കിടയിൽ നിന്ന് കൊയിലാണ്ടി, മാഹി സ്റ്റേഷനുകളിലെ പൊലീസുകാരാണ് വിദ്യാർഥിയെ ജീവിതത്തിന്റെ പാളത്തിലേക്ക് തിരികെയെത്തിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെത്തിയത്. അന്വേഷണത്തിൽ വിദ്യാർഥിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ മാഹി ഭാഗത്താണെന്ന് തിരിച്ചറിഞ്ഞു. ഉടൻ ചോമ്പാല പൊലീസ് സ്റ്റേഷനിൽ വിവരം നൽകി. ഈ സമയം അഴിയൂർ ഭാഗത്ത് ദേശീയപാതയിൽ പട്രോളിങ്ങിലായിരുന്നു എസ്.ഐ പ്രശോഭും പൊലീസ് ഉദ്യോഗസ്ഥരായ ചിത്രദാസും സജിത്തും. ഒരു നിമിഷംപോലും കളയാതെ ഇവർ മാഹി റെയിൽവേ സ്റ്റേഷനിലെത്തി. ഇതിനിടെ, വിദ്യാർഥിയുടെ ഫോട്ടോ കൊയിലാണ്ടി പൊലീസ് കൈമാറിയിരുന്നു.
പൊലീസ് മാഹി റെയിൽവേ സ്റ്റേഷനിലെത്തി വിദ്യാർഥിയുടെ ഫോട്ടോ യാത്രക്കാർക്ക് കാണിക്കുന്നതിനിടയിൽ വടക്കുഭാഗത്തുനിന്ന് ചൂളം വിളിച്ച് ട്രെയിൻ വരുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരുകുട്ടി റെയിൽപാളത്തിലേക്ക് ഓടിപ്പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. വിദ്യാർഥിക്കുപിന്നാലെ സർവകരുത്തുമായി അവരും കുതിച്ചു. ഒരു കൊലവിളിപോലെ പിന്നിൽനിന്ന് ട്രെയിൻ ചൂളം വിളിച്ച് കുതിച്ചുവരുന്നതിനിടെ പൊലീസ് വിസിലടിച്ചും ബഹളം വെച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചെങ്കിലും പൊലീസ് ഓടിക്കുന്നത് കള്ളനോ കഞ്ചാവ് പ്രതിയോ ആയിരിക്കുമെന്ന നിഗമനത്തിലായിരുന്നു അവർ. അതിനാൽ അവനെ പിടിക്കാൻ ആരും തയാറായില്ല.
റെയിൽവേ ഓവർബ്രിഡ്ജിന്റെ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികൾ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയിനുകൾക്ക് സ്റ്റോപ് കുറവായ മാഹി റെയിൽവേ സ്റ്റേഷനിൽ ഈ ട്രെയിനിനു സ്റ്റോപ്പുണ്ടായിരുന്നു. ട്രെയിൻ മാഹി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ വിദ്യാർഥിയെ പൊലീസ് ട്രെയിനിന് മുന്നിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ തൊട്ടടുത്ത ട്രാക്കിലൂടെ മംഗളൂരു-കോയമ്പത്തൂർ ട്രെയിൻ കടന്നുപോകുന്നുണ്ടായിരുന്നു. വിദ്യാർഥിയെരക്ഷപ്പെടുത്തിയ പൊലീസുകാർക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.