നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഉത്തരവാദി പൊലീസ്-വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഉത്തരവാദി പൊലീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെന്മാറയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണ്.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ. ഒരു വീട്ടിലെ മൂന്നു പേരെയാണ് ഈ പ്രതി രണ്ടു തവണയായി കൊലപ്പെടുത്തിയത്. ഇതോടെ ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളാണ് അനാഥമാക്കപ്പെട്ടത്.
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കു പുറമെ കൊലയാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് സേനയെ രാഷ്ട്രീയവത്ക്കരിച്ച് നിര്‍വീര്യമാക്കിയതിന്റെ ദുരന്തഫലമാണ് നെന്മാറയില്‍ കണ്ടത്. ഇത്രയും അരാജകമായ സാഹചര്യം സംസ്ഥാനത്ത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.
അനാഥരാക്കപ്പെട്ട ഈ പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.