ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം യദു ഫോണിൽ സംസാരിച്ചെന്ന് പൊലീസ്; കെ.എസ്.ആർ.ടി.സിക്ക് റിപ്പോർട്ട് നൽകും
text_fieldsതിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ വാക്കുതർക്കത്തിലേർപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചതായി പൊലീസ്. തർക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്നു തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായാണ് കണ്ടെത്തല്‍. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോൺവിളിയെക്കുറിച്ച് പൊലീസ് കെ.എസ്.ആർ.ടി.സിക്ക് റിപ്പോർട്ട് നൽകും.
ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതിലും പൊലീസിന്റെ സംശയം യദുവിലേക്കാണ് നീളുന്നത്. സംഭവം നടന്നതിന് പിറ്റേ ദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ടും യദുവിന്റെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കും.
അതേസമയം, ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകനും ബസ് കണ്ടക്ടറുമായ സുബിനെ സംശയമുണ്ടെന്നാണ് യദു മാധ്യമങ്ങളോട് പറഞ്ഞത്. കണ്ടക്ടറും എം.എൽ.എയുമടക്കം ഗൂഢാലോചന നടത്തിയോ എന്ന് സംശയിക്കുന്നു. സംഭവം നടക്കുമ്പോൾ കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നത്. സച്ചിൻ ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. എം.എൽ.എ വന്നപ്പോള്‍ ‘സഖാവേ ഇരുന്നോളൂ’ എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തെന്നും യദു ആരോപിച്ചു.
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കുമെതിരെ കേസെടുക്കാൻ ഇന്നലെ കോടതി നിർദേശിച്ചിരിക്കുകയാണ്. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റെതാണ് നിർദേശം. നിയമവിരുദ്ധ നടപടി, പൊതുശല്യം, പൊതുവഴി തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ കന്റൊൺമെന്റ് പൊലീസിനാണ് നിർദ്ദേശം നൽകിയത്. അഡ്വ. ബൈജു നോയൽ നൽകിയ സ്വകാര്യ ഹരജിയിലാണ് ഉത്തരവ്.
അതിനിടെ, മേയർ ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് ഡ്രൈവർ യദുവും ഇതേ കോടതിയിൽ ഹരജി നൽകി. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ആര്യയുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാൽ അറിയാവുന്ന ഒരാൾ എന്നിവരാണ് എതിർ കക്ഷികൾ. ഈ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.