മൂഫിയയെ ശാരീരികമായും മാനസികവുമായി മർദിച്ചിരുന്നതായി പൊലീസ്
text_fieldsആലുവ: ആത്മഹത്യചെയ്ത മൂഫിയയെ ഭർത്താവും വീട്ടുകാരും ശാരീരികമായും മാനസികവുമായി മർദിച്ചിരുന്നതായി പൊലീസ്. പ്രതികളായ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പീഡനങ്ങളടക്കമുള്ള കാര്യങ്ങൾ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. 45 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. മൂഫിയക്ക് ഭർത്താവിൻറെ വീട്ടിൽ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.
മരുമകളെ വേലക്കാരിയെപോലെയാണ് കണക്കാക്കിയിരുന്നത്. മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തു. പള്ളിവഴി വിവാഹ മോചനത്തിന് കത്തുനൽകിയതും കുറ്റകൃത്യമായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വേറെ കല്യാണം കഴിക്കുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ഇത്തരം പ്രശ്ങ്ങളെ തുടർന്നാണ് മൂഫിയ ആത്മഹത്യ ചെയ്തത്.
ആലുവ കോടതി റിമാൻഡ് ചെയ്ത റുഖിയ കാക്കനാട് വനിത ജയിലിലും സുഹൈൽ, യൂസഫ് എന്നിവർ മൂവാറ്റുപുഴ ജയിലിലുമാണുള്ളത്. ആലുവ ഡിവൈ.എസ്.പി പി.കെ.ശിവൻകുട്ടിയാണ് കേസ് അന്വേഷിക്കുന്നത്. ഐ.പി.സി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭർത്താവും കുടുംബവും ക്രൂരമായാണ് മകളോട് പെരുമാറിയിരുന്നതെന്ന് പിതാവ് ദിൽഷാദ് സലിം ആരോപിച്ചിരുന്നു. ഭർത്താവ് സുഹൈലിൻറെ വീട്ടിൽ ക്രൂരപീഡനങ്ങളാണ് മൂഫിയക്ക് നേരിടേണ്ടി വന്നത്. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ സുഹൈൽ അതിന് മൂഫിയയെ ഇരയാക്കുകയായിരുന്നു.
പുറത്തുപറയാൻ കഴിയാത്തരീതിയിലുള്ള ലൈംഗിക വൈകൃതങ്ങൾക്കാണ് മൂഫിയയെ നിർബന്ധിച്ചിരുന്നത്. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചു. ഇക്കാര്യത്തിലും സുഹൈലിന്‍റെ മർദ്ധനം ഏൽക്കേണ്ടിവന്നിരുന്നു. സ്ത്രീധനം ആവശ്യമില്ലെന്ന് പറഞ്ഞാണ് വിവാഹം നടത്തിയത്. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ടു തുടങ്ങി. ഇതിന്‍റെ പേരിലും മർദ്ധനവും പീഡനവുമുണ്ടായി. സുഹൈലിന് ബിസിനസ് ചെയ്യാനടക്കം പണം വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
വിവാഹത്തിന് മുൻപ് പറഞ്ഞിരുന്നത് സുഹൈൽ ഗൾഫിൽ പോകുമെന്നായിരുന്നു. എന്നാൽ, വിവാഹശേഷം അതുണ്ടായില്ല. പല തരത്തിലുള്ള ജോലികളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും അതിനൊന്നും പോകുന്നുണ്ടായിരുന്നില്ല. സ്ത്രീധനത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നുമാസത്തോളമായി മൂഫിയ സ്വന്തം വീട്ടിലാണ് നിന്നിരുന്നത്. യുട്യൂബിൽ വീഡിയോ നിർമ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്നും അയാൾ ആവശ്യപ്പെട്ടു . പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് അന്ന് മകൾ പറഞ്ഞത് . ഇതിനുപിന്നാലെ കൈ ഒടിക്കാൻ ശ്രമിച്ചു. പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടു . പഠനം നിർത്താനും മൂഫിയയെ ഭർത്താവ് നിർബന്ധിച്ചിരുന്നതായും പിതാവ് ആരോപിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് മൊഫിയയെ ഭര്‍ത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി സഹപാഠികളും വെളിപ്പെടുത്തിയിരുന്നു. ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് മൂഫിയ പറഞ്ഞിരുന്നതായും കൂട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.