വിജയ്ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ഹോട്ടലിലും ഫ്ലാറ്റിലും പരിശോധന നടത്തും
text_fieldsകൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കേസില്‍ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കുറച്ച് സ്ഥലങ്ങളില്‍ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പീഡിപ്പിച്ചെന്ന് പരാതി നൽകിയ ഫ്ളാറ്റിലും ഹോട്ടലിലുമാണ് പരിശോധന നടത്തുക.
അതേസമയം, പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ വിമാനത്താവളങ്ങളിൽ അടക്കം ഉടൻ ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾ വഴി പുറത്തേക്ക് കടക്കാൻ ശ്രമിച്ചാൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനോടകം വിജയ് ബാബു വിദേശത്താണെന്നും വിവരമുണ്ട്. ഇൻസ്റ്റഗ്രാം പേജിലാണ് താൻ വിദേശത്താണെന്ന സൂചന വിജയ് ബാബു നൽകുന്നത്. എന്നാൽ ഇക്കാര്യം അപ്പാടെ വിശ്വസിക്കാൻ പൊലീസ് തയാറായിട്ടില്ല.
ഇതുവരെ വിജയ്ബാബു എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊച്ചിയിലെ സീനിയർ അഭിഭാഷകരുമായി വിജയ് ബാബു ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നോ നാലെയോ ഇയാൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. അതേസമയം ഇയാൾക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. സാമൂഹിക മാധ്യമങ്ങളില്‍ ഇരയെ അപമാനിക്കുന്നരീതിയില്‍ സംസാരിച്ചതിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കഴിഞ്ഞദിവസം മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.