നവീൻ ബാബു കൊലചെയ്യപ്പെട്ടതാണെന്ന് സംശയിക്കാൻ തെളിവില്ലെന്ന് പൊലീസ്
text_fieldsകൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു കൊലചെയ്യപ്പെട്ടതാണെന്ന് സംശയിക്കാൻ തെളിവില്ലെന്ന് പൊലീസ് ഹൈകോടതിയിൽ. സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കൾ വരാൻ വൈകിയപ്പോഴാണ് ഇൻക്വസ്റ്റ് നടത്തിയത്. എന്നാൽ, റവന്യൂ ഉദ്യോഗസ്ഥരടക്കം സ്വതന്ത്രരായ അഞ്ചുപേരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടത്തിയതെന്നും കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത് കൊടേരി നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹരജിയിലാണ് വിശദീകരണം.
ഇൻക്വസ്റ്റ് നടത്തിയ ഒക്ടോബർ 15ന് രാത്രി 11ഓടെയാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയത്. രാവിലെ 10.45നും 11.45നുമിടയിലായിരുന്നു ഇൻക്വസ്റ്റ്. മരണം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ ഇൻക്വസ്റ്റ് നടത്തണമെന്ന സർക്കുലർ ഉണ്ട്. ബന്ധുക്കളെത്താൻ 15 മണിക്കൂർ വൈകി. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വേണമെന്ന് നിർബന്ധമില്ല. മൃതദേഹം കൂടുതൽ സമയം സൂക്ഷിക്കാൻ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം സഹോദരൻ പ്രവീൺ ബാബുവിനാണ് മൃതദേഹം വിട്ടുനൽകിയത്.
യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെയും നവീൻ ബാബുവിന്റെ ഭാര്യയുടെയും കുട്ടികളുടെയും മൊഴിയെടുത്തു. വിരലടയാളമടക്കം ശേഖരിച്ചിട്ടുണ്ട്. നവീൻ ബാബു ഉപയോഗിച്ച രണ്ട് ഫോണും കണ്ടെടുത്ത് കാൾ വിവരങ്ങളടക്കം പരിശോധിച്ചു. പെട്രോൾ പമ്പ് തുടങ്ങാൻ പ്രശാന്തൻ നൽകിയ അപേക്ഷയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പിടിച്ചെടുത്തു. സംഭവ ദിവസം നവീൻ ബാബുവിന്റെ സാന്നിധ്യമുള്ളിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു.
പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണം എന്നാണ് കണ്ടെത്തിയത്. ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഇല്ല. എങ്കിലും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
ആത്മഹത്യക്കുറിപ്പും ഫോണിലെ വിവരങ്ങളും നശിപ്പിച്ചു എന്ന ആരോപണങ്ങളിൽ കഴമ്പില്ല. വിശദ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല. പ്രശാന്തനെ കേസുമായി ബന്ധിപ്പിക്കാനുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ക്വാർട്ടേഴ്സ് കാണുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനായില്ലെങ്കിലും സമീപത്തെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ പ്രതിയായ പി.പി. ദിവ്യ, കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തൻ എന്നിവരുടെ ഫോൺകാൾ റെക്കോഡുകളൊക്കെ ശേഖരിച്ച് പരിശോധിച്ചു. കണ്ണൂർ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവർത്തിക്കുന്നത്. അന്വേഷണം വേഗം പൂർത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.