കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്
text_fieldsഅങ്കമാലി: പറക്കുളത്ത് ഉറക്കത്തിനിടെ കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിന്‍റെ കാരണം വ്യക്തമായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
അബോധാവസ്ഥയിൽ ശ്വാസകോശത്തിൽ പുകയെത്തിയതാണ് മരണകാരണമായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സൂചന നൽകുന്നത്. എന്നാൽ, കിടപ്പുമുറിക്കകം കത്തിനശിക്കാൻ ഇടയായ സംഭവത്തിൽ വ്യക്തത വന്നിട്ടില്ല. നാലുപേരിൽ ആർക്കുംതന്നെ വാതിൽ തുറന്ന് രക്ഷപ്പെടാൻ സാധിക്കാത്ത വിധമാണ് അപകടമുണ്ടായത്.
ബിനീഷിന്‍റെ വീടിനകത്തും പുറത്തും നാലിലേറെ സി.സി ടി.വി കാമറയുണ്ട്. ഇവയുടെ മോഡം തീപിടിത്തത്തിൽ കത്തിനശിച്ചു. അതിനാൽ, ഹാർഡ് ഡിസ്ക് പരിശോധിച്ചാൽ മാത്രമേ എന്തെങ്കിലും തുമ്പ് ലഭിക്കൂ. പഴയ വൈദ്യുതീകരണമായതിനാൽ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനിടയാക്കിയതെന്ന സംശയമുണ്ട്.
ഉറക്കത്തിലായതിനാൽ രക്ഷപ്പെടൽ അസാധ്യമായതാകും. മുറിക്കകത്തുണ്ടായിരുന്ന എ.സിയുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചതാണോ കാരണമെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകൾ വിവിധ ഏജൻസികളും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.