പാപ്പാത്തിച്ചോലയെ സംരക്ഷിക്കാൻ 10 പേരടങ്ങുന്ന പൊലീസ് സംഘം
text_fieldsമൂന്നാർ: കൈയേറ്റക്കാരുടെ പിടിയിൽനിന്ന് ഒഴിപ്പിച്ച പാപ്പാത്തിച്ചോലയെ സംരക്ഷിക്കാൻ 10 പേരടങ്ങുന്ന പൊലീസ് സംഘത്തെ നിയോഗിച്ചു. ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിെൻറ നിർദേശപ്രകാരം ദേവികുളം സി.ഐ സി.ആർ. പ്രമോദ്, ശാന്തൻപാറ എസ്.ഐ വി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ നിയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ നേതൃത്വത്തിൽ പാപ്പാത്തിച്ചോലയിൽ കൈയേറ്റക്കാർ സ്ഥാപിച്ചിരുന്ന ഭീമൻ കുരിശ് പൊളിച്ചുനീക്കുകയും കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തതോടെയാണ് പാപ്പാത്തിച്ചോല എന്ന പ്രദേശം ശ്രദ്ധാ കേന്ദ്രമാകുന്നത്.
ചിന്നക്കനാലിലെ പാപ്പാത്തിച്ചോല അതിപാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയും കാഴ്ചകളുടെ മനോഹാരിത നിറഞ്ഞ ഭൂപ്രദേശവുമാണ്. ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് പാപ്പാത്തിച്ചോല. മേഖലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലൊന്നായ ഇവിടേക്ക് ദുർഘടമായ കാട്ടുപാതകളിലൂടെ സഞ്ചരിച്ചേ എത്താൻ കഴിയൂ. മലയിൽനിന്ന് ഉദ്ഭവിക്കുന്ന ചോലക്ക് സമീപം പാപ്പാത്തി എന്ന മുത്തശ്ശി താമസിച്ചിരുന്നതായും ഇവരിൽനിന്നാണ് മലക്ക് പാപ്പാത്തിച്ചോല എന്ന പേര് വന്നതെന്നുമാണ് പഴമക്കാർ പറയുന്നത്. മിക്ക സമയങ്ങളിലും മൂടൽമഞ്ഞ് പുതച്ച ഇൗ സ്ഥലത്തെക്കുറിച്ച് പ്രദേശവാസികൾക്ക് മാത്രമേ അറിയൂ. സഞ്ചാരികൾക്കുപോലും അന്യമാണ് ഇൗ പ്രദേശം. നാഗമല, കൊളുക്കുമല എന്നിവ അതിരിടുന്ന സ്ഥലം കൂടിയാണ് പാപ്പാത്തിച്ചോല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.