ജോർജിന് കുരുക്കിടാൻ നിയമോപദേശം തേടി പൊലീസ്
text_fieldsതിരുവനന്തപുരം: മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ നിയമ നടപടിക്കൊരുങ്ങി പൊലീസ്. വിദ്വേഷ പ്രസംഗക്കേസിൽ ഫോർട്ട് അസി. കമീഷണർ ഓഫിസിൽ ഞായറാഴ്ച ഹാജരാകണമെന്ന് മുൻകൂർ നോട്ടീസ് നൽകിയിട്ടും നിർദേശം ലംഘിച്ച് തൃക്കാക്കരയിൽ പ്രചാരണത്തിനായി ഇറങ്ങിയ ജോർജിന്റെ നടപടി ഹൈകോടതി ജാമ്യ ഉപാധികളുടെ ലംഘനമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജോർജിനെതിരെ സ്വീകരിക്കേണ്ട തുടർനടപടികളിൽ വ്യക്തത ആവശ്യപ്പെട്ട് ഫോർട്ട് അസി.കമീഷണർ എസ്.ഷാജി നിയമോപദേശകന്റെ സഹായം തേടി. നിയമോപദേശം ലഭിക്കുന്ന മുറക്ക് ജോർജിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മറുപടി നൽകാനുള്ള പി.സി. ജോർജിന്റെ നീക്കത്തിന് പൂട്ടിടാനായിരുന്നു ജോർജ് പ്രചാരണത്തിന് ഇറങ്ങുന്ന ഞായറാഴ്ച തന്നെ എ.സി ഓഫിസിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച ഹാജരാകാനാകില്ലെന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പറയുന്ന സമയത്ത് ഹാജരാകാമെന്നുമായിരുന്നു എ.സിയെ ജോർജ് അറിയിച്ചത്.
ജോർജ് തൃക്കാക്കരക്ക് പോകുമെന്ന് മനസ്സിലാക്കിയതോടെ തിരുവനന്തപുരത്തുനിന്നും ഫോർട്ട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച തന്നെ ജോർജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി അദ്ദേഹത്തിന് നേരിട്ട് നോട്ടീസ് നൽകിയിരുന്നു. ഹാജരാകാനുള്ള പൊലീസിന്റെ നിർദേശം ലഭിച്ചില്ലെന്ന ജോർജിന്റെ വാദത്തെ തടയിടുകയായിരുന്നു ഈ നീക്കത്തിന് പിന്നിൽ. കൂടാതെ നോട്ടീസിന്റെ പകർപ്പ് ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് ഇ-മെയിലായും നൽകി. ഈ നോട്ടീസ് ഇന്നലെ രാവിലെ ഈരാറ്റുപേട്ട പൊലീസ് ജോർജിന്റെ വീട്ടിലെത്തിച്ചെങ്കിലും തൃക്കാക്കരക്ക് പോകാനുള്ള ഉറച്ച നിലപാടിലായിരുന്നു ജോർജ്. പൊലീസ് നോട്ടീസ് അവഗണിച്ച സാഹചര്യത്തിൽ ഇനി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജോർജിനെ ഹാജരാകാൻ വിളിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.