കോവിഡ്കാല കുടുംബപ്രശ്നങ്ങൾ സ്നേഹത്തോടെ തീർപ്പാക്കി പൊലീസ്
text_fieldsകോഴിക്കോട്: കസ്റ്റഡിയും അറസ്റ്റും ജയിലുമൊന്നുമില്ലാതെ കോവിഡ്കാല കുടുംബപ്രശ്നങ്ങൾ 'സ്നേഹത്തോടെ ഒത്തുതീർപ്പാക്കി' പൊലീസ്.
കേന്ദ്ര വനിത കമീഷെൻറ നിർദേശപ്രകാരം സംസ്ഥാനത്തെ മുഴുവൻ വനിത സെല്ലുകളിലും ആരംഭിച്ച ഗാർഹിക തർക്കപരിഹാര കേന്ദ്രങ്ങൾ (ഡി.സി.ആർ.സി) വഴിയാണ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്.
മാർച്ചിലാരംഭിച്ച ഡി.സി.ആർ.സികളിൽ ഇതിനകം ആയിരത്തിലേറെ പരാതികളാണ് ലഭിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള മാനസിക സംഘർഷവും തൊഴിൽ നഷ്ടപ്പെട്ടതിെന തുടർന്നുള്ള സാമ്പത്തിക പ്രയാസവുമെല്ലാമാണ് പല കുടുംബങ്ങളിലും നിരന്തരമുള്ള വാക്തർക്കങ്ങൾക്കുൾപ്പെടെ കാരണമാകുന്നത്.
ചിലയിടങ്ങളിൽ ഇത് ഗാർഹികപീഡനങ്ങളിലേക്കുവരെ വളരുകയും ചെയ്തിരുന്നു. ഡി.സി.ആർ.സികൾ ഒാൺലൈനായും ഫോണിലൂടെയുമാണ് പരാതികൾ സ്വീകരിച്ചത്. പരാതിക്കാരെ ഒാഫിസിലേക്കു വിളിപ്പിക്കാെത കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കി ആരോപണവിധേയനായ ഭർത്താവ്, സഹോദരൻ, ബന്ധുക്കൾ എന്നിവരടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെട്ട് പൊലീസ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നത്.
രണ്ടും മൂന്നും തവണ വിളിച്ച് സംസാരിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ മാത്രമാണ് ഒാഫിസിലേക്കു വിളിപ്പിക്കുന്നത്. ആവശ്യക്കാർക്ക് കൗൺസലിങ് നൽകാനും എല്ലാ വനിത െസല്ലുകളും സൗകര്യമൊരുക്കിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളാണ് നടന്നതെങ്കിൽ കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കുന്നുണ്ട്.
ലഭിച്ച പരാതികളിലേറെയും ചെറിയ കുടുംബപ്രശ്നങ്ങളും അസ്വാരസ്യങ്ങളുമായതിനാലാണ് നിയമനടപടി സ്വീകരിക്കാതെ ചർച്ചയിലൂടെ പരിഹരിക്കുന്നെതന്ന് സ്റ്റേറ്റ് വനിത സെൽ എസ്.പിയും ഡി.സി.ആർ.സി നോഡൽ ഒാഫിസറുമായ സക്കറിയ ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു.
നിരവധി പരാതികൾ പരിഹരിച്ചു. ഒാൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടർന്ന് മൊബൈൽ ഫോണോ മറ്റു സൗകര്യങ്ങേളാ ഇല്ലാത്തതിനെ സംബന്ധിച്ചടക്കം കുടുംബങ്ങളിൽ തർക്കങ്ങളുണ്ടാവുകയും പരാതികളായി മാറുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിത സെൽ സി.െഎ ചെയർപേഴ്സനായി വനിത പൊലീസ്, വനിത എസ്.െഎമാർ, ജനമൈത്രി പൊലീസ് ഒാഫിസർമാർ, നിർഭയ വളൻറിയേഴ്സ്, വനിത സംരക്ഷണ ഒാഫിസർ, വനിത സെല്ലിനു കീഴിലെ കൗൺസിലർമാർ എന്നിവരടക്കമുള്ള സമതിയാണ് ഒാരോ ജില്ലയിലും ഡി.സി.ആർ.സിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.