പൊലീസ് സാധാരണക്കാരോട് മൃദുഭാവം സ്വീകരിക്കണം -മുഖ്യമന്ത്രി
text_fieldsതൃശൂർ: സാധാരണക്കാരോട് മൃദുഭാവവും കുറ്റവാളികളോട് കർശന നിലപാടും സ്വീകരിക്കാൻ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 109 വനിത സിവിൽ പൊലീസ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികൾ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കണം. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. പൊതുഇടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, കേരള പൊലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. 109 പേരാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്.
ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ, റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേ എന്നിവരും പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ഡി.ജി.പി പുരസ്കാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.