പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടത് -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
text_fieldsകോഴിക്കോട്: പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഭരണഘടന പറയുന്നത് ഇന്ത്യയിലെ ഓരോ പൗരന്മാരും പരമാധികാരം ഉള്ളവരാണെന്നാണ്. ഭരണഘടനക്ക് മുകളിൽ മറ്റൊന്നുമില്ല. അഭിഭാഷകർ മാത്രമല്ല, ഓരോ പൗരന്മാരും മനസ്സിലാക്കേണ്ട കാര്യമാണിത്. യു.കെയിലേതുപോലെ ഇന്ത്യയിൽ രാജാവില്ല. നമ്മൾ ഓരോരുത്തരുമാണ് രാജാവ്.
പൊലീസ് ജനങ്ങളോട് മോശമായി പെരുമാറാൻ പാടില്ല എന്ന് ഹൈകോടതി പറഞ്ഞുകൊടുക്കേണ്ട ഒരാവശ്യവുമില്ല. പക്ഷേ, ജനങ്ങൾക്ക് അതറിയില്ല എന്നതാണ് വാസ്തവം. പൊലീസിനെ നമ്മൾ സാർ എന്ന് വിളിക്കേണ്ടതില്ല. പബ്ലിക്ക് സർവന്‍റുകളാണ് പൊലീസ്. ജനങ്ങളുടെ സേവകരായ പൊലീസ് നമ്മളെയാണ് സാർ എന്ന് വിളിക്കേണ്ടത്. പക്ഷേ, നമ്മുടെ സേവകരായ ആളുകളെ നമ്മൾ ‘സാർ’ എന്നുവിളിക്കുകയും അവർ നമ്മളോട് മോശമായി പെരുമാറുകയുമാണ് ഇവിടെ നടക്കുന്നത്. മുതലാളിയെ ജോലിക്കാരൻ ചീത്ത പറയുന്നതുപോലെയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ചവറ കൾചറൽ സെന്‍റർ സംഘടിപ്പിച്ച ‘യുവത: ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരുടെ കാര്യത്തിൽ വെറുതെ അഭിപ്രായം പറയുന്ന സ്വഭാവം ഉള്ളവരാണ് കേരളത്തിലെ സമൂഹം. നമ്മുടെ കാര്യങ്ങളേക്കാൾ മറ്റുള്ളവർ എന്തു ചെയ്യുന്നുവെന്ന് നോക്കിയിരിക്കുകയാണ് നമ്മുടെ ജോലി. കേരളം വിട്ട് വിദേശത്തേക്ക് പോകണമെന്ന് നമ്മുടെ കുട്ടികൾക്ക് തോന്നലുണ്ടാക്കുന്നതിൽ കേരളീയരുടെ ഈ സ്വഭാവത്തിന് വലിയ പങ്കുണ്ട്. നമ്മുടെ കുട്ടികൾ കേരളത്തിൽ തന്നെ പഠിക്കണം എന്നാഗ്രഹിക്കുന്നയാളാണ് താൻ. കേരളത്തെയും ജനിച്ചുവളർന്ന കൊച്ചിയെയും അങ്ങേയറ്റം സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകൻ പി.ജെ. ജോഷ്വ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.