ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങൾ: പൊലീസ് ഉടൻ ഇടപെടണം - ഹൈകോടതി
text_fieldsകൊച്ചി: ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അക്രമസംഭവങ്ങളിൽ പൊലീസ് ഉടൻ ഇടപെടണമെന്ന് ഹൈകോടതി. അക്രമത്തെക്കുറിച്ച് അറിവോ പരാതിയോ ലഭിച്ചാൽ ഉടൻ പൊലീസ് സഹായവും നടപടികളും ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമെതിരായ അക്രമം തടയുന്ന 2012ലെ കേരള ഹെൽത്ത് കെയർ സർവിസ് പേഴ്സൻസ് ആൻഡ് ഹെൽത്ത് കെയർ സർവിസസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു േപ്രാപ്പർട്ടി) ആക്ട് സംബന്ധിച്ച് ജനത്തെ ബോധവത്കരിക്കണം. പ്രതികൾക്കെതിരെ ജാമ്യമില്ല കുറ്റം ചേർത്ത് കേസെടുക്കാനാവുമെന്ന് ബോധ്യപ്പെടുത്തുന്ന വിധം ആക്ടിലെ വിശദാംശങ്ങൾ ആശുപത്രി പരിസരങ്ങളിൽ പ്രദർശിപ്പിച്ചും മാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിക്കണം.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് നിയന്ത്രിച്ച ഹൈകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇൗ നിർദേശങ്ങൾ നൽകിയത്.
അതിക്രമങ്ങൾ അപ്പോൾതന്നെ അറിയിച്ചാൽപോലും പൊലീസിൽനിന്ന് നടപടിയുണ്ടാകാറില്ലെന്ന് വ്യാഴാഴ്ച ഹരജി പരിഗണിക്കുന്നതിനിടെ ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രികൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും പതിവാണ്. ഇതിനെതിരെയും നടപടി വേണം. സമാന ആരോപണം ഐ.എം.എയും ഉന്നയിച്ചു. തുടർന്നാണ് പൊലീസിന് കോടതി നിർദേശങ്ങൾ നൽകിയത്. രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
അതേസമയം, ആശുപത്രികളിലെത്തുന്നവർ വനിത ഡോക്ടർമാരെയും ജീവനക്കാരെയുംപോലും ആക്രമിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടികളെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കി ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി വിശദീകരണപത്രിക നൽകി. ആഗസ്റ്റ് 26ന് കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് എല്ലാ ജില്ല പൊലീസ് മേധാവികൾക്കും അടിയന്തര നിർദേശം നൽകിയതായി വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.