മനുഷ്യത്വത്തോടെ പെരുമാറാൻ പൊലീസ് എന്നാണ് പഠിക്കുക, ജനം എന്തും സഹിക്കുമെന്ന ധാർഷ്ട്യം അംഗീകരിക്കാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: സ്റ്റേഷനിലെത്തുന്നവരെ ഭീതിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് ഹൈകോടതി. ഒരു ചുമതലയിലിരിക്കുന്ന ഉദ്യോഗസ്ഥൻ താഴെയുള്ളവരെ അസഭ്യം പറയുന്നത് നീതീകരിക്കാനാവില്ല. ജനം എന്തും സഹിക്കുമെന്ന പൊലീസിന്റെ ധാർഷ്ട്യം അംഗീകരിക്കാനാവില്ല. ജനങ്ങളോട് തട്ടിക്കയറുന്ന പൊലീസ് ഉദ്യോഗസ്ഥൻ ആ സ്ഥാനത്തിരിക്കാൻ അർഹനല്ല. കോടതി ഇത് അതിഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. സേവനവും സംരക്ഷണവും നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ സ്ഥാനം ജനങ്ങൾക്ക് മുകളിലല്ല.
നിലവിലെ അവസ്ഥയിൽ ഭയത്തോടെയല്ലാതെ ഒരാൾക്ക് പൊലീസ് സ്റ്റേഷനിൽ കയറിച്ചെല്ലാനാവുമോയെന്ന് ചോദിച്ചു. ആർക്കും അവിടെ പേടിയില്ലാതെ കയറാനുള്ള സാഹചര്യമുണ്ടാകണം. മനുഷ്യത്വത്തോടെ പെരുമാറാൻ പൊലീസ് എന്നാണ് പഠിക്കുക. കേരളത്തിലെ പൊലീസ് രാജ്യത്ത് ഏറ്റവും മികച്ചതാണ്.
എന്നാൽ, ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം സേനക്ക് തീരാ കളങ്കമുണ്ടാക്കുന്നു. വെല്ലുവിളികൾ നേരിട്ട് മുന്നേറേണ്ട ജോലിയായതിനാൽ അനുയോജ്യമായവരെ മാത്രമേ സേനയിലേക്ക് തെരഞ്ഞെടുക്കാവൂവെന്നും കോടതി വാക്കാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.