ഇരകളുടെ പേര് വെളിപ്പെടുത്തൽ: കെ. രാധാകൃഷ്ണനെതിരെ അന്വേഷണം തുടങ്ങി
text_fieldsതൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗ ആരോപണത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ മണ്ഡലം കമ്മിറ്റി സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയിന്മേലാണ് അന്വേഷണം. സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ ബാബുരാജാണ് അന്വേഷിക്കുന്നത്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പീഡനാരോപണത്തില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍ ജയന്തനെയും ബിനീഷിനെയും സി.പി.എമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടക്കാണ് കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് പറഞ്ഞത്. പേര് പറയേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആരോപണവിധേയനായ ജയന്തന്‍െറ പേര് എപ്പോഴും പറയുമ്പോള്‍ പരാതിക്കാരുടെ പേര് പറയരുതെന്ന് പറയുന്നത് ശരിയല്ളെന്നായിരുന്നു മറുപടി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 എ (1), (2) വകുപ്പുകള്‍ പ്രകാരം ബലാത്സംഗക്കേസിലെ ഇരയെ തിരിച്ചറിയാനുതകുന്ന വിവരങ്ങള്‍ അച്ചടിക്കാനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല. അങ്ങനെ ചെയ്താല്‍ രണ്ടുവര്‍ഷം വരെ ശിക്ഷയാകാമെന്നാണ് നിയമം.എന്നാല്‍, വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനമല്ളെന്നും പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടെ പറഞ്ഞതാണെന്നുമാണ് സി.പി.എമ്മിന്‍െറ പക്ഷം. അത് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതാണ്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷമെ കേസെടുക്കുന്ന കാര്യത്തില്‍ നടപടി സാധ്യമാകൂ എന്നാണ് പാര്‍ട്ടിക്ക് ലഭിച്ച നിയമോപദേശമത്രേ. വെളിപ്പെടുത്തല്‍ വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കെ. രാധാകൃഷ്ണനും ജില്ലാ നേതാക്കളും ചര്‍ച്ച നടത്തിയതായാണ് വിവരം.
സി.പി.ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ പ്രതിഷേധമുയര്‍ത്തിയിട്ടും നിലപാട് തിരുത്താന്‍ സി.പി.എം തയാറായിട്ടില്ല. രാധാകൃഷ്ണനെതിരെ കേസെടുക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായി സംസ്ഥാന വനിതാ കമീഷന്‍അംഗം ഡോ. പ്രമീള ദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.