ഷാൻ വധം: കൊണ്ടുപോയത് കൊല്ലാൻ തന്നെയെന്ന് പൊലീസ്
text_fieldsകോട്ടയം: ഷാൻ കൊലപാതകക്കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ. ഷാനിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി ആദ്യം പറഞ്ഞത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്നും എസ്.പി പറഞ്ഞു. തിങ്കളാഴ്ച പുലർച്ച 1.58നാണ് ഷാൻ ബാബുവിന്റെ അമ്മയും സഹോദരിയും ഈസ്റ്റ് സ്റ്റേഷനിൽ പരാതിയുമായി വന്നത്. അവർ ഒറ്റക്കാണെന്നും വേഗം പോകണമെന്നും പറഞ്ഞതിനാൽ അപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ഉടൻ കൺട്രോൾ റൂമിൽ അറിയിച്ചു.
കൺട്രോൾ റൂമിൽനിന്ന് മറ്റ് സ്റ്റേഷനുകളിലേക്കും പട്രോളിങ് വാഹനങ്ങളിലേക്കും വിവരം നൽകി. എല്ലാ ഓട്ടോറിക്ഷകളും പരിശോധിക്കാനും നിർദേശം നൽകി. പ്രതി ജോമോൻ താമസിക്കുന്ന വാടകമുറിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ജോമോന്റെ കൂട്ടാളികളുടെ വീടുകളും പരിശോധിച്ചു. ഇതിനിടയിൽ 3.45നാണ് ഷാനിന്റെ മൃതദേഹവുമായി ജോമോൻ സ്റ്റേഷനിൽ എത്തുന്നത്. രണ്ടുതവണ ഷാനിന്റെ വീട്ടിൽ പോയി ഫോട്ടോ അടക്കം വിവരങ്ങൾ തേടി. ഷാനിനെതിരെ കേസില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതും എസ്.പി തിരുത്തി. 30 കിലോ കഞ്ചാവ് കടത്തിയതിന് പാലക്കാട് ജയിലിലായിരുന്ന ഷാൻ കഴിഞ്ഞ ആഗസ്റ്റിലാണ് പുറത്തിറങ്ങിയതെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.