സ്വകാര്യ വ്യക്തിയുടെ വായ്പക്ക് പൊലീസ് സ്റ്റേഷൻ ഈട്!
text_fieldsകൊച്ചി: സ്വകാര്യവ്യക്തി ബാങ്കിൽനിന്ന് വായ്പയെടുക്കാൻ ഈടുവെച്ചത് പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന ഭൂമി. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന 2.4 ഏക്കറോളം ഭൂമിയാണ് സ്വകാര്യവ്യക്തിയുടെ ഈടുവസ്തുവായി മാറിയത്. വായ്പ മുടങ്ങിയതിനെത്തുടർന്ന് ജപ്തി ചെയ്ത് ലേലത്തിന് വെച്ച ഭൂമി ഏറ്റെടുത്തയാൾ അളന്ന് തിരിക്കാൻ നൽകിയ ഹരജിയെത്തുടർന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അഭിഭാഷക കമീഷന്റെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർ ഭൂമി അളന്ന് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൽ (ഡി.ആർ.ടി) സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് സ്റ്റേഷനും വകുപ്പിന്റെ ഭൂമിയും സംബന്ധിച്ച കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
വെള്ളത്തൂവൽ സ്വദേശിയായ സി.ബി. രമേശൻ ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽനിന്ന് വായ്പയെടുക്കാൻ വർഷങ്ങൾക്കുമുമ്പ് ഈട് നൽകിയ മൂന്ന് ഏക്കർ ഭൂമിയിൽ ഉൾപ്പെടുന്ന ഭാഗമാണ് ദുരൂഹ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് നടപടിയെടുക്കുകയും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്തു.
ലേലത്തിൽ വെച്ച ഭൂമി 2012ൽ നായരമ്പലം സ്വദേശി കെ.പി. ജോഷി വാങ്ങി. ഈ ഭൂമിയുടെ അതിർത്തി നിർണയിക്കാൻ അളന്ന് തിട്ടപ്പെടുത്താനായി ഭൂവുടമ ഡി.ആർ.ടിയെ സമീപിച്ചു. തുടർന്ന് അളന്ന് സർവേ നടപടികൾക്കായി അഭിഭാഷക കമീഷനെയും താലൂക്ക് സർവേയറെയും ചുമതലപ്പെടുത്തി. അവർ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സുമടക്കം 2.4 ഏക്കറോളം ഭൂമികൂടി ഉൾപ്പെടുന്നതാണ് ഈട് വസ്തുവെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദീകരണം തേടി ഡി.ആർ.ടിയിലെ റിക്കവറി ഓഫിസറുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് വെള്ളത്തൂവൽ പൊലീസ് വിവരം അറിയുന്നത്.
2023 ജൂൺ 20നാണ് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസിന് ലഭിച്ചത്. നോട്ടീസ് ലഭിച്ചതോടെ ഭൂമി സംബന്ധിച്ച റിപ്പോർട്ട് തെറ്റാണെന്നുകാട്ടി അഭിഭാഷകൻ മുഖേന ജില്ല പൊലീസ് മേധാവി ഡി.ആർ.ടിയിൽ പ്രാഥമിക വിശദീകരണം നൽകി. ദേവികുളം താലൂക്ക് വെള്ളത്തൂവൽ വില്ലേജിലെ 19/1 സർവേ നമ്പറിൽ വരുന്ന ഭൂമിയിലാണ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി പൊലീസ് വകുപ്പിന് കൈമാറാൻ അനുമതി നൽകി 1989 ഡിസംബർ ആറിന് ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവടക്കം പൊലീസ് ഡി.ആർ.ടിയിൽ ഹാജരാക്കിയിട്ടുണ്ട്.
മാത്രമല്ല, ഡി.ആർ.ടി നിർദേശപ്രകാരം അളക്കാനെത്തിയ സർവേയറടക്കം പൊലീസ് സ്റ്റേഷൻ കൂടി ഉൾക്കൊള്ളുന്ന ഭൂമിയിലെ നടപടികളെക്കുറിച്ച് പൊലീസ് അധികൃതരെ അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിനുവേണ്ടി അവരുടെ ആവശ്യപ്രകാരം ഡി.ആർ.ടിയിൽ ഹാജരാകാൻ ഹൈകോടതിയിലെ റവന്യൂ സ്പെഷൽ ഗവ. പ്ലീഡർ എം.എൽ. സജീവനെ സർക്കാർ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.