വായ്പക്ക് ‘ഈടായ’ പൊലീസ് സ്റ്റേഷൻ ഭൂമി അളന്നുതിരിക്കും
text_fieldsകൊച്ചി: സ്വകാര്യ വ്യക്തിയുടെ വായ്പക്ക് ഈടായി നൽകിയതിൽ ഉൾപ്പെട്ട പൊലീസ് സ്റ്റേഷൻ ഭൂമി അളന്നുതിരിക്കാൻ ഉത്തരവ്. ഇടുക്കിയിലെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷന്റെ ഭൂമിയാണ് പ്രത്യേകം അളന്നുതിരിക്കുന്നത്.
പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന 2.4 ഏക്കറോളം ഭൂമി വായ്പയുടെ ഈട് വസ്തുവായി മാറിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വായ്പ മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്യപ്പെട്ട ഭൂമി ലേലത്തിൽ പിടിച്ചയാൾ നിയമപരമായി അളന്നുതിരിച്ചപ്പോഴാണ് അതിൽ പൊലീസ് സ്റ്റേഷനും ഉൾപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഡി.ആർ.ടിയിലെ (ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ) റിക്കവറി ഓഫിസറുടെ നോട്ടീസ് വെള്ളത്തൂവൽ പൊലീസിന് ലഭിച്ചപ്പോഴാണ് അവരും സംഭവം അറിയുന്നത്. ഭൂമി സംബന്ധിച്ച റിപ്പോർട്ട് തെറ്റാണെന്ന് കാട്ടി ജില്ല പൊലീസ് മേധാവി ഉടൻ ഡി.ആർ.ടിയിൽ സത്യവാങ്മൂലം നൽകി. ഈ ഭൂമി പൊലീസ് വകുപ്പിന് കൈമാറാൻ അനുമതി നൽകി 1989 ഡിസംബർ ആറിന് ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവടക്കം പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
അളവെടുത്തപ്പോൾ ഭൂമിയുടെ അതിർത്തി തെറ്റായി കണക്കാക്കിയിട്ടുണ്ടാകാമെന്നാണ് വെള്ളത്തൂവൽ പൊലീസ് പറയുന്നത്.
രേഖകൾ പ്രകാരം കൃത്യമായ അളവ് നടന്നിട്ടുണ്ടെങ്കിൽ സ്വകാര്യ വ്യക്തി ഈടുവെച്ച ഭൂമി മാത്രമേ അതിൽ ഉൾപ്പെടുമായിരുന്നുള്ളൂ. റോഡിൽനിന്ന് ഈട് ഭൂമിയുടെ എതിർദിശയിലേക്ക് അളന്നതാകാം സ്റ്റേഷനടക്കം ഉൾക്കൊള്ളുന്ന വിധം പിശക് പറ്റാൻ കാരണമെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് വെള്ളത്തൂൽ പൊലീസ്, സ്റ്റേഷനും അനുബന്ധ ഭൂമിയും അളന്നുതിരിക്കാൻ അപേക്ഷ നൽകിയത്. ഭൂമി അളന്ന ശേഷം ലഭിക്കുന്ന റിപ്പോർട്ട് ഡി.ആർ.ടി റിക്കവറി ഓഫിസർക്ക് കൈമാറാനാണ് നിയമോപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.