നിരോധനാജ്ഞ ലംഘിച്ച് യു.ഡി.എഫ് സംഘം; അറസ്റ്റ് ചെയ്യാതെ പൊലീസ് VIDEO
text_fieldsശബരിമല: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രതിപക്ഷ നേതാവിെൻറ നേതൃത്വത്തിൽ എത്തിയ യു.ഡി.എഫ് നേതാക്കൾ പമ്പയിലെത്തി. പ്രതിപക്ഷ നേതാവിനെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, നേതാക്കളായ എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരും പ്രവർത്തകരുമാണ് പമ്പയിലെത്തിയത്. ഇവർ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി. സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ് ശബരിമലയിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ബസ് യാത്രക്കാർ, കച്ചവടക്കാർ അടക്കമുള്ളവരുമായി സൗകര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. തകർന്ന റോഡുകൾ ഒന്നും പുനർനിർമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്തന്മാർക്ക് ശബരിമലയിൽ വരാൻ സർക്കാറിന്‍റെ ചീട്ട് ആവശ്യമുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. നാട്ടിൽ നാമജപത്തിൽ പങ്കെടുക്കാനും, സന്നിധാനത്ത് ശരണം വിളിക്കാനും പൊലീസിന്‍റെ അനുമതി വേണം. ഇത് എന്തൊരു കാലമാണ്. ഇത്തരം നടപടികൾ അംഗീകരിക്കാൻ സാധിക്കില്ല. പൊലീസിന്‍റെ കരിനിയമങ്ങൾ തീർഥാടനത്തെ ദുർബലപ്പെടുത്തി. 144 അടക്കമുള്ള കരിനിയമങ്ങൾ സർക്കാർ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രാവിലെ നിലക്കലിലെത്തിയ യു.ഡി.എഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ ധർണ നടത്തിയിരുന്നു. മൂന്നോ നാലോ എം.എൽ.എമാരെ മാത്രം കടത്തി വിടാമെന്ന നിർദേശത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ നിലക്കലിൽ ധർണ നടത്തിയത്. ഇതിനിടെ എസ്.പി യതീഷ് ചന്ദ്രയുമായി നേതാക്കൾ വാക്കുതർക്കവുമുണ്ടായി.
144 ലംഘിക്കുമെന്നും പൊലീസ് വേണമെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കെട്ട എന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. എസ്.പി യതീഷ് ചന്ദ്ര സ്ഥലത്തെത്തി നേതാക്കളുമായി സംസാരിക്കുകയും യാത്ര തുടരാമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടർന്നു.
അൽപ്പസമയം മുദ്രാവാക്യം വിളി തുടർന്നപ്പോൾ പൊലീസ് സ്ഥലത്തെത്തി എല്ലാവരെയും കടത്തിവിടാമെന്ന് ഉമ്മൻ ചാണ്ടിയെ അറിയിച്ചു. പമ്പയിലേക്ക് പോകാൻ ബസ് ഏർപ്പെടുത്താമെന്നും പൊലീസ് അറിയിച്ചു. തുടർന്ന് യു.ഡി.എഫ് സംഘാംഗങ്ങൾ പ്രതിഷേധം അവസാനിപ്പിച്ച് നിലക്കൽ ക്യാമ്പിലേക്ക് തിരിച്ചു. അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് യു.ഡി.എഫ് സംഘം പമ്പയിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.