ഭക്ഷ്യസുരക്ഷ: ഹോട്ടലുകളിൽ ഇനി രഹസ്യപൊലീസ് നിരീക്ഷണവും
text_fieldsതൃശൂർ: ഹോട്ടലുകളിൽ ഇനി പൊലീസിന്റെ രഹസ്യ നിരീക്ഷണവും. നേരത്തെ ഹോട്ടൽ, ലോഡ്ജ് എന്നിവിടങ്ങളിൽ പരിചിതരല്ലാത്തവർ താമസിക്കുന്നുണ്ടോയെന്ന പരിശോധനയായിരുന്നു പൊലീസ് നടത്തിയിരുന്നതെങ്കിൽ ഇനി ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും പരിശോധനാവിഷയമാകും.
സ്പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾ ഇടവിട്ട് ഹോട്ടലുകളിലെത്തും. ചൈനീസ്, അറേബ്യൻ വിഭവങ്ങൾ വിപണനം നടത്തുന്നിടത്തും ഷവർമകേന്ദ്രങ്ങൾ എന്നിവിടങ്ങളുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്. എങ്കിലും എല്ലാ ഹോട്ടലുകളിലെയും ശുചിത്വമടക്കമുള്ളവയിൽ നിരീക്ഷണമുണ്ടാവും.
അവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് കാര്യക്ഷമമായ പരിശോധന നടത്താൻ കഴിയുന്നില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉയരുമ്പോൾ മാത്രം ഇടപെടുന്നതിൽ മാത്രമായി ആരോഗ്യവകുപ്പും മാറുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് പൊലീസിന്റെ സേവനം കൂടി ഇക്കാര്യത്തിൽ ഉപയോഗിക്കുന്നത്.
മുഴുവൻ സമയം നിരീക്ഷണമുണ്ടാവുമെന്നതാണ് സ്പെഷൽ ബ്രാഞ്ചിന് ചുമതല നൽകുമ്പോഴുള്ള നേട്ടം. തൽസമയം നടപടികളിലേക്ക് കടക്കാനും കഴിയും.
കഴിഞ്ഞ ഒരാഴ്ച ഭക്ഷ്യവിഷബാധ സംബന്ധിച്ച് സംസ്ഥാനത്ത് എല്ലാ ജില്ലകളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു.
പരിശോധനകൾ കാര്യക്ഷമമല്ലെന്നും ഹോട്ടലുകളുമായി ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്നുമുള്ള കടുത്ത വിമർശനം ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷ വകുപ്പിനുമെതിരെയുണ്ട്. ഇതിനുള്ള പരിഹാരവും പൊലീസിനെ നിയോഗിക്കുന്നതിലൂടെ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.