ലഹരി വ്യാപനം തടയാൻ സമഗ്ര നടപടികളുമായി പൊലീസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി (എൽ ആൻഡ് ഒ ) മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കും. മുൻപ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും. കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകൾ വിശദമായി പരിശോധനക്ക് വിധേയമാക്കും അതുപോലെതന്നെ ഹോട്ടലുകൾ/ റിസോർട്ടുകൾ എന്നിവിടങ്ങളിലെ എല്ലാ ഡി.ജെ പാർട്ടികളും കർശന നിരീക്ഷണത്തിനു വിധേയമാക്കും. ഇങ്ങനെയുള്ള മിക്ക സ്ഥലങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കണ്ടുവരുന്നുണ്ട്.
വാണിജ്യ ഇടത്തരം കേസുകളുടെ വിചാരണ ജില്ലാ പൊലീസ് മേധാവികൾ രണ്ടാഴ്ചയിലൊരിക്കൽ അവലോകനം നടത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തടയിടാനായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജിതമാക്കും. റെയിൽവേ പൊലീസ് സൂപ്രണ്ടിന്റെ ഏകോപനത്തിലാണ് ഇത് ചെയ്യുന്നത്. മയക്കുമരുന്ന് കണ്ടെത്തുന്നതിന് പ്ലാറ്റ്ഫോമുകളിൽ സ്നിഫർ നായ്ക്കളെ നിയോഗിക്കും.
സൈബർ ഡോം ടീമും എസ്എസ്‌ബിയിലെ ടെക്‌നിക്കൽ ഇൻറലിജൻസ് വിങ്ങും ഡാർക്ക് നെറ്റിൽ വ്യാപാരം ചെയ്യുന്ന മയക്കുമരുന്നുകളെക്കുറിച്ചും അന്തർസംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര ഡീലർമാരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കും . ഇതുകൂടാതെ, YODHAV (9995966666), ആൻറി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് നമ്പർ (9497927797, 9497979794) എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ജില്ലാ പൊലീസ് മേധാവികളെ ഉടൻ അറിയിക്കുകയും, ഇങ്ങനെ ലഭിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവികൾക്ക് കൃത്യമായ ഒരു സംഘം ഉണ്ടായിരിക്കുകയും ചെയ്യും.
ജനമൈത്രി പദ്ധതി സജീവമാക്കുകയും, മയക്കുമരുന്ന് പ്രശ്നത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും മയക്കുമരുന്ന് വ്യാപാരികളുടെ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിനുമായി റസിഡൻസ് അസോസിയേഷനുകൾ/എൻജിഒകൾ, കോർഡിനേഷൻ കമ്മിറ്റികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കും.
ഇതുകൂടാതെ, ലഹരിവസ്തുക്കളുടെ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മയക്കുമരുന്ന് ഉപയോഗം വേരോടെ പിഴുതെറിയുന്നതിനുമായി സ്‌കൂളുകളിലും കോളജുകളിലും സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ആൻറി നാർക്കോട്ടിക് ക്ലബ്ബുകൾ, ക്ലീൻ കാമ്പസ്-സേഫ് ക്യാമ്പസ് പദ്ധതികൾ എന്നിവ സജീവമാക്കും . സോണൽ ഐ.ജി.പി യും റേഞ്ച് ഡി.ഐ.ജി മാരും എല്ലാ പ്രവർത്തനങ്ങളും പ്രതിമാസ അടിസ്ഥാനത്തിൽ അവലോകനം ചെയ്യും.
അവലോകന യോഗത്തിൽ സോണൽ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ ജില്ലാ പൊലീസ് മേധാവികൾ എന്നിവർ പങ്കെടുത്തുവെന്ന് സംസ്ഥാന പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ പ്രവീൺ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.