'വാര്‍ത്ത നല്‍കിയതിന്‍റെ പേരിലുള്ള പൊലീസ് ഭീഷണി അംഗീകരിക്കില്ല'; മാധ്യമം ലേഖകന് പിന്തുണയുമായി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമം ലേഖകനെതിരായ പൊലീസ് നടപടി അംഗീകരിക്കാനാകില്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തെ പരസ്യമായി ലംഘിക്കുന്ന ചോദ്യങ്ങളാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മാധ്യമം ലേഖകനായ അനിരു അശോകനോട് ചോദിക്കുന്നത്. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കുമെന്ന ഭീഷണിയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതൊന്നും ഒരു കാരണവശാലും അനുവദിച്ചു കൊടുക്കാനാകില്ല.
മുഖ്യമന്ത്രിയുടെയും പൊലീസിനെ നിയന്ത്രിക്കുന്ന അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും അറിവോടെയാണ് പൊലീസ് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ കടന്നു കയറ്റം നടത്തുന്നത്. ഇതിനു മുന്‍പും പൊലീസിന്റെ ഭാഗത്ത് നിന്നും മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റമുണ്ടായിട്ടുണ്ട്.
കെ.പി.സി.സി അധ്യക്ഷനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനി ലേഖകനെതിരെ പൊലീസ് എന്തു നടപടിയാണ് സ്വീകരിച്ചത്. കെ.എസ്.യു നേതാവിനെതിരെയും വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമായി നിര്‍മ്മിച്ചും ഇതേ ലേഖകന്‍ വാര്‍ത്ത നല്‍കി. തുടര്‍ച്ചയായി വ്യാജ വര്‍ത്ത നല്‍കിയ സി.പി.എം മുഖപത്രത്തിലെ ലേഖകനെ സംരക്ഷിച്ച അതേ പൊലീസാണ് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന അതേ മാധ്യമ വിരുദ്ധ നിലപാടുകളാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരും നടപ്പാക്കുന്നത്. മാധ്യമ വേട്ടയുമായി ഇനിയും മുന്നോട്ട് പോകാനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെങ്കില്‍ അതിനെ എന്തുവില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.