'കോടതിയുടെ വിലയേറിയ സമയം പാഴാകും, കേസ് അവസാനിപ്പിക്കണം' -സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തെ കുറിച്ച് പൊലീസ്
text_fieldsതിരുവല്ല: മുൻ മന്ത്രിയും എം.എൽ.എയുമായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിക്കാൻ പൊലീസ്, തിരുവല്ല കോടതിയിൽ അപേക്ഷ നൽകി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘ തലവൻ ഡിവൈ.എസ്.പി ടി. രാജപ്പനാണ് അപേക്ഷ നല്‍കിയത്.
മജിസ്ട്രേറ്റ് രേഷ്മ ശശിധരന്‍ സ്ഥലംമാറിപ്പോയതിനാല്‍ കോടതിയുടെ അധിക ചുമതലയുള്ള പത്തനംതിട്ട മജിസ്ട്രേറ്റാകും അപേക്ഷയില്‍ നടപടി സ്വീകരിക്കുക. കേസിന്‍റെ തുടർ നടപടികൾ ഹരജിക്കാരെകൂടി കേട്ടശേഷമാകും തീരുമാനിക്കുക. കേസില്‍ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കാനാകില്ലെന്നും കേസുമായി മുന്നോട്ട് പോകുന്നത് സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയാണെന്നും ഭാവിയില്‍ കോടതിയുടെ വിലയേറിയ സമയം പാഴാക്കുന്നതിന് ഇത് വഴിവെക്കുമെന്നും പൊലീസ് അപേക്ഷയില്‍ പറയുന്നു. പ്രസംഗത്തിൽ മനഃപൂർവ്വം ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.
തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ച് വന്നപ്പോൾ വിമർശനാത്മകമായി ഭരണഘടനയെ പരാമർശിച്ചു. ഒമ്പത് മിനിറ്റ് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ട് മിനിറ്റ് വരുന്ന ഭാഗത്താണ് ഭരണഘടനയെക്കുറിച്ച് പരാമർശിച്ചത്. ഇത്തരത്തിൽ കേസെടുത്താൽ അത് നിലനിൽക്കില്ലെന്ന് ജില്ല ഗവ. പ്ലീഡർ എ.സി. ഈപ്പൻ നൽകിയ നിയമോപദേശം പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഈ നിയമോപദേശം ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാൻ അന്വേഷണസംഘ തലവന് നിർദേശം നൽകിയത്.
കഴിഞ്ഞ ജൂലൈ മൂന്നിന് സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ സജി ചെറിയാന്‍റെ പ്രസംഗമാണ് വിവാദമായത്.
കോടതി കേസെടുക്കാൻ നിർദേശിച്ചതോടെയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. അതേസമയം, തുടർനടപടിയുമായി മേൽകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരനായ ബൈജു നോയൽ വ്യക്തമാക്കി.
സജി ചെറിയാൻ എം.എൽ.എയെ അയോഗ്യനാക്കണമെന്ന ഹരജി തള്ളി
കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ച മുൻ മന്ത്രി സജി ചെറിയാനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികൾ ഹൈകോടതി തള്ളി.
സജി ചെറിയാന്‍റെ നടപടി സത്യപ്രതിജ്ഞാലംഘനമായതിനാൽ എം.എൽ.എ പദവിയിൽനിന്ന് പുറത്താക്കണമെന്നാമാവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു പി. ചെറുമൻ, ബഹുജൻ ദ്രാവിഡ പാർട്ടി നേതാവ് വയലാർ രാജീവൻ എന്നിവർ നൽകിയ ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
നിയമസഭ അംഗത്തിന്‍റെ അയോഗ്യത സംബന്ധിച്ച് ഭരണഘടനയുടെ 193ാം അനുച്ഛേദത്തിൽ കൃത്യമായ വ്യവസ്ഥകളുണ്ടെന്നും ഹരജിയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് തീർപ്പാക്കേണ്ടതല്ലെന്നും വിലയിരുത്തിയാണ് ഹരജികൾ തള്ളിയത്.
ജൂലൈ നാലിന് പൊതുചടങ്ങിൽ പ്രസംഗിക്കുമ്പോൾ ഭരണഘടനയെ വിമർശിച്ചത് വിവാദമാവുകയും മന്ത്രിസ്ഥാനത്തുനിന്ന് സജി ചെറിയാന് രാജിവെക്കേണ്ടിവരുകയും ചെയ്തിരുന്നു.
എന്നാൽ, ഭരണഘടനയെ അധിക്ഷേപിച്ചതിനാൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. പ്രഥമദൃഷ്ട്യ ഹരജികൾ നിലനിൽക്കില്ലെന്ന് കോടതി നേരത്തേതന്നെ നിരീക്ഷിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമീഷനടക്കമുള്ള സംവിധാനങ്ങൾക്ക് പരാതി നൽകിയ ശേഷമാണ് ഹരജി നൽകിയിട്ടുള്ളതെങ്കിലും ആ പരാതിയിന്മേൽ തീർപ്പ് ആവശ്യപ്പെടുകയോ ബന്ധപ്പെട്ടവരെ എതിർ കക്ഷികളാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു.
ജനപ്രാതിനിധ്യ നിയമമാണ് നിയമസഭ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.