പൊലീസ് 'മുറ' പേടിച്ച് മുങ്ങിയ പൊലീസ് െട്രയിനിയെ പത്തുവർഷത്തിനുശേഷം കണ്ടെത്തി
text_fieldsവെള്ളരിക്കുണ്ട്: ട്രെയിനിങ് ക്യാമ്പിലെ 'മുറ' പേടിച്ച് നാടുവിട്ട െട്രയിനിയെ പത്തുവർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുങ്ങംചാലിലെ പരേതനായ വെള്ളാപ്പള്ളിൽ വി.വി. വർഗീസിെൻറ മകൻ ജോസ് വർഗീസിനെയാണ് (35) പത്തു വർഷത്തിനൊടുവിൽ കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാർബറിലെ ഒരുഹോട്ടലിൽ പൊലീസ് കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ജോസ് വർഗീസിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോടതി ജോസിനെ ബന്ധുക്കൾക്കൊപ്പം വിട്ടു.
ജോലി ലഭിച്ച ജോസ് വർഗീസ് പരിശീലന മുറ പേടിച്ചാണ് നാടുവിട്ടതെന്ന് പോലീസ് പറയുന്നു. 2011 ജൂൺ അഞ്ചു മുതൽ അനുജൻ ജോസ് വർഗീസിനെ കാണാനില്ല എന്ന് കാണിച്ച് സഹോദരൻ ജോർജ് വർഗീസ് വെള്ളരിക്കുണ്ട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ജോസ് വർഗീസ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അനുജനെ കുറിച്ച് യാതൊരു വിവരവും പിന്നീട് ഉണ്ടായില്ല എന്നും കാണിച്ച് 2016ൽ ജോർജ് മൊഴിയും നൽകിയിരുന്നു.
പിന്നീട് ജോസ് വർഗീസിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. പല സ്ഥലങ്ങളിലായി ജോസ് വർഗീസിനെ കണ്ടെത്താൻ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ജോസ് വർഗീസ് കോഴിക്കോട് പുതിയാപ്പ ഹാർബറിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നുവെന്ന രഹസ്യ വിവരം ലഭിച്ചത്.
തുടർന്ന് എ.എസ്.ഐ ജോമി ജോസഫ് വ്യാഴാഴ്ച കോഴിക്കോട് എത്തി ജോസ് വർഗീസിനെ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ ജോസ് വർഗീസിനെ വെള്ളരിക്കുണ്ടിൽ എത്തിച്ചു. ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്:
2011 ജൂൺ മാസം അഞ്ചിന് മുംബൈക്ക് പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. നേരെ പോയത് ബംഗളുരുവിലേക്കാണ്. അവിടെ മൂന്ന് വർഷത്തോളം അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തു. പിന്നീട് അവിടെ നിന്നും മൈസൂരിലേക്ക് പോയി. അവിടെ രണ്ട് വർഷത്തോളം ഹോട്ടൽ ജോലി ചെയ്തു. ഇവിടെ നിന്നും നേരെ കോഴിക്കോട് പുതിയാപ്പ ഹാർബറിൽ എത്തി. ഇവിടെയും ഹോട്ടൽ ജോലി ചെയ്യുകയായിരുന്നു. നാടുവിട്ടുപോയശേഷം വീട്ടുകാരുമായോ നാട്ടുകാരുമായോ ബന്ധപെട്ടിരുന്നില്ലെന്നും ഫോൺ ഉപയോഗിക്കാറിെലന്നെും അദ്ദേഹം പറഞ്ഞു.
പൊലീസ് ജോലിയോട് താൽപര്യമുണ്ടായിരുന്നില്ല. ട്രെയിനിങ്ങിെൻറ ബുദ്ധിമുട്ട് ഓർത്ത് നാടുവിടുകയായിരുന്നുവെന്നും പൊലീസ് ജോലിക്ക് പോകാൻ വീട്ടുകാർ നിർബന്ധിക്കുന്നതിനാലുമാണ് വീട്ടുകാരുമായി ബന്ധപ്പെടാതിരുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. തിരികെ വന്നാൽ വീണ്ടും ട്രെയിനിങ്ങിനു പോകേണ്ടി വരുമെന്ന ഭയകൊണ്ടാണ് തിരികെ വരാതിരുന്നതെന്ന് അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി.
കേരള പൊലീസിൽ ജോലി ലഭിച്ച ജോസ് വർഗീസ് കണ്ണൂർ മങ്ങാട്ട് പറമ്പിലെ പോലീസ് ട്രെയിനിങ് ക്യാംപിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2010ലായിരുന്നു ഇത്. ക്യാമ്പിൽ എത്തിയ ജോസ് വർഗീസ് ഒരാഴ്ചത്തെ അവധി എടുത്ത് മുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.