പൊലീസ് ട്രെയിനികളെ എ.ഡി.ജി.പിയുടെ അനുമതിയില്ലാതെ പൊതുചടങ്ങുകളിൽ പങ്കെടുപ്പിക്കരുത്
text_fields‘മാധ്യമം’ വാർത്തയെ തുടർന്നാണ് സായുധസേന ഡി.ഐ.ജിയുടെ ഉത്തരവ്
മലപ്പുറം: പൊതുപരിപാടികളിൽ പൊലീസ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട കമാൻഡന്റുമാർ സായുധസേന വിഭാഗം എ.ഡി.ജി.പിയുടെ മുൻകൂർ അനുമതി രേഖാമൂലം വാങ്ങണമെന്നും ട്രെയിനികളുടെ പരിശീലന പുസ്തകത്തിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഉത്തരവ്.
സർക്കാർ പരിപാടികളിലടക്കം നിർദേശം ബാധകമാണെന്ന് സായുധസേന പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ തിങ്കളാഴ്ച ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ പൊലീസ് ബറ്റാലിയനുകൾക്കും നിർദേശം ബാധകമാണ്. മലപ്പുറത്ത് സ്പോർട്സ് കൗൺസിലിന്റെയും ജില്ല ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ എം.എസ്.പിയിലെ പൊലീസ് ട്രെയിനികളെ കാഴ്ചക്കാരായി പങ്കെടുപ്പിച്ചെന്ന ‘മാധ്യമം’ വാർത്തക്ക് പിന്നാലെയാണ് നിർദേശം.
അസാധാരണ നടപടിക്കെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനവും ഉയർന്നിരുന്നു. ഞായറാഴ്ച വൈകീട്ട് കുന്നുമ്മലിലെ സ്വകാര്യ ഹാളിൽ നടന്ന പരിപാടിയിലേക്കാണ് നൂറിലധികം പൊലീസ് ട്രെയിനികളെ വിളിച്ചുവരുത്തിയത്. പൊലീസുമായി ഒരുബന്ധവുമില്ലാത്ത പരിപാടിയിൽ ട്രെയിനികളെ പങ്കെടുപ്പിച്ചത് സദസ്സിൽ ആളെ തികക്കാനായിരുന്നു. പൊലീസ് വാഹനത്തിൽ തന്നെയായിരുന്നു ഇവർ പരിപാടിക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.