19 സി.െഎമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 19 സർക്കിൾ ഇൻസ്പെക്ടർമാർക്ക് വകുപ്പുതല സ്ഥാനക്കയറ്റ സമിതിയെ മറികടന്ന് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. എന്നാൽ വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആരോപണവിധേയനായി സസ്പെൻഷനിലുള്ള സി.െഎ ജി.എസ്. ക്രിസ്പിൻ സാം ഉൾപ്പെടെ പത്തുപേരെ അവസാനനിമിഷം പട്ടികയിൽ നിെന്നാഴിവാക്കി.
ആരോപണവിധേയരായ ഉദ്യോഗസ്ഥർ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ഒഴിവുകളുണ്ടായിട്ടും അർഹരായ സി.ഐമാർക്ക് സർക്കാർ ഇതുവരെ സ്ഥാനക്കയറ്റം നൽകിയിരുന്നില്ല. ഇതിനെതിരെ ഒരുദ്യോഗസ്ഥൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ പരാതി നൽകിയതിനെത്തുടർന്നാണ് വകുപ്പുതല സ്ഥാനക്കയറ്റ സമിതി വിളിച്ച് ആരോപണ വിധേയർക്കുൾെപ്പടെ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ ആഭ്യന്തരവകുപ്പ് ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചു. പി.എസ്.സി പ്രതിനിധി അടക്കം ഇതിനെ എതിർക്കുമെന്നും ഒടുവിൽ ആർക്കും സ്ഥാനക്കയറ്റം ലഭിക്കില്ലെന്നും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും സർക്കാറിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഈ സമിതിയെ മറികടന്ന് സർക്കാർ നേരിട്ട് സ്ഥാനക്കയറ്റം നൽകി ഉത്തരവിടുകയായിരുന്നു.
32 ഒഴിവുണ്ടായിരുന്നതിനാൽ വിജിലൻസ് -ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയും വകുപ്പുതല അന്വേഷണം നേരിടുന്നവരെയും പട്ടികയിൽ ഉൾപ്പെടുത്തി സ്ഥാനക്കയറ്റം നൽകാനായിരുന്നു സർക്കാറിെൻറ ആദ്യ നീക്കം. മിക്ക ഉദ്യോഗസ്ഥരും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സ്ഥാനക്കയറ്റത്തിന് ശ്രമിച്ചത്. എന്നാൽ വരാപ്പുഴ കസ്റ്റഡി മരണം ഏറെ വിവാദമാകുകയും അതിൽ ഉൾപ്പെട്ട സി.ഐ സ്ഥാനക്കയറ്റ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തതോടെയാണ് ഇത്തരം കേസുകളിലുൾപ്പെട്ട പത്തുപേരെയും ഒഴിവാക്കിയത്. സി. രാജപ്പൻ, എം.ആർ. മധുബാബു, സി.എം. ദേവദാസൻ, എം.ജി. സാബു, ടി.ജി. വിജയൻ, ജി.എസ്. ക്രിസ്പിൻ സാം, പ്രകാശൻ പി. പടന്നയിൽ, ടി.പി. ശ്രീജിത്ത്, അബ്ദുൽ റഹിമാൻ, എം.ഐ. ഷാജി എന്നിവരാണ് സ്ഥാനക്കയറ്റത്തിൽനിന്ന് ഒഴിവാക്കിയത്.
എന്നാൽ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന പരാതിയുമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച സി.ഐയും പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു. സീനിയോറ്റി ലിസ്റ്റിൽ ഇദ്ദേഹത്തിെൻറ പേരിന് മുമ്പ് വരെയുള്ളവരെയാണ് ഡിവൈ.എസ്.പിമാരാക്കിയത്.
ഇനിയും ഡിവൈ.എസ്.പിമാരുടെ 13 ഒഴിവുകൾ നിലവിലുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച സി.െഎമാരടക്കം 46 ഡിവൈ.എസ്.പിമാരെ മാറ്റിനിയമിച്ചിട്ടുമുണ്ട്. വരുംദിവസങ്ങളിൽ ഇൗ നടപടി പുതിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.