സുധാകരൻ മുൻകൂർ ജാമ്യത്തിന്; പൊലീസ് കടുത്ത നടപടികളിലേക്ക്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമെതിരായ കേസുകളിൽ പൊലീസ് കടുത്ത നടപടികളിലേക്ക്. രണ്ടു കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ. സുധാകരന്റെ അറസ്റ്റിന് ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നതായാണ് വിവരം. ഇതോടെ, മുൻകൂർ ജാമ്യത്തിന് കെ. സുധാകരനും നീക്കം തുടങ്ങി. ഇതിനായി ഹൈകോടതിയെ സമീപിക്കാനാണ് ആലോചന.
മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫിസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് നോട്ടീസും നൽകിയിട്ടുണ്ട്. എന്നാൽ, സുധാകരൻ ഹാജരാകില്ല. പകരം സമയം നീട്ടിചോദിക്കും.
അതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വിജിലൻസ് കേസിന്റെ പ്രാഥമികാന്വേഷണ ചുമതല തിരുവനന്തപുരം പ്രത്യേക യൂനിറ്റിന് നൽകി. സംസ്ഥാനമാകെ പ്രവർത്തന പരിധിയുള്ള പ്രത്യേക യൂനിറ്റിന് കേസ് നൽകുന്നത് സതീശനെതിരെ വിപുലമായ അന്വേഷണത്തിനുള്ള ഒരുക്കമാണ്. സ്പെഷൽ യൂനിറ്റ് രണ്ടിലെ എസ്.പി അജയകുമാറിനാണ് ചുമതല.
2018ലെ പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ നടപ്പാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയാണ് അന്വേഷണ വിഷയം. കെ. സുധാകരനെതിരെയെന്ന പോലെ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കാമെന്ന നിർദേശം വിജിലൻസിനും ലഭിച്ചിട്ടുണ്ട്.
സുധാകരനെതിരെ ഇ.ഡി അന്വേഷണം
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തും. സുധാകരന് മോൻസൻ 10 ലക്ഷം കൈമാറുന്നത് കണ്ടതായ പരാതിക്കാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാകും ഇ.ഡി അന്വേഷിക്കുക. കേസിൽ സുധാകരനെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മുമ്പാകെ കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണത്തിന് മുന്നോടിയായി ക്രൈംബ്രാഞ്ചിൽനിന്ന് ഇ.ഡി പ്രാഥമിക വിവരങ്ങൾ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.