പൊലീസിനുമേൽ കുരുക്ക് മുറുകുന്നു
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിനുമേൽ കുരുക്ക് മുറുകുന്നു. മുൻ റൂറൽ എസ്.പി എ.വി. ജോർജ് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന വസ്തുതകളാണ് ഒാരോ ദിവസവും പുറത്തുവരുന്നത്. ശ്രീജിത്തിനെ മോചിപ്പിക്കാൻ കൈക്കൂലിവാങ്ങിയെന്ന ആരോപണവും ശ്രീജിത്തിനെ ഹാജരാക്കിയപ്പോൾ പറവൂർ മജിസ്ട്രേറ്റ് കാണാൻ വിസമ്മതിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന ഹൈകോടതി രജിസ്ട്രാറുടെ കണ്ടെത്തലും പൊലീസിെൻറ നില കൂടുതൽ പരിങ്ങലിലാക്കിയിട്ടുണ്ട്.
പൊലീസ് മർദനത്തിലേറ്റ മാരക പരിക്കുകളാണ് ശ്രീജിത്തിെൻറ മരണകാരണമെന്ന് െഎ.ജി. എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. റൂറൽ എസ്.പിയുടെ നിർദേശപ്രകാരം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) ഉദ്യോഗസ്ഥരും വരാപ്പുഴ സ്റ്റേഷനിൽ എസ്.െഎ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കാൻ പൊലീസ് ഇടനിലക്കാർ വഴി 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വിവരം വ്യാഴാഴ്ചയാണ് പുറത്തുവന്നത്. 15000 രൂപ കൈക്കൂലി നൽകിയതായി ശ്രീജിത്തിെൻറ ഭാര്യാപിതാവ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പറവൂർ സി.െഎയുടെ ഡ്രൈവർ പ്രദീപ്കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡ്രൈവർക്ക് പുറമെ ഇദ്ദേഹത്തിെൻറ മൂന്ന് സുഹൃത്തുക്കൾ കൂടി ഇടനിലക്കാരായിരുന്നുവെന്ന് ശ്രീജിത്തിെൻറ കുടുംബത്തിെൻറ അഭിഭാഷകൻ വെള്ളിയാഴ്ച വെളിപ്പെടുത്തി. നിയമപരമായി നേരിടുമെന്ന് അഭിഭാഷകൻ ഡ്രൈവറുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയപ്പോഴാണ് ഏപ്രിൽ 28ന് കൈക്കൂലിത്തുക തിരിച്ചുനൽകിയത്.
ശ്രീജിത്തിനെ കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ച് ആശുപത്രിയിലെത്തിക്കുന്നതിന് സി.െഎക്ക് നൽകാനെന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടതത്രെ.ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്ത പൊലീസുകാരെ പ്രതി ചേർത്തിട്ടും ഇക്കാര്യങ്ങൾക്ക് നിർദേശം നൽകിയ എ.വി. ജോർജിനെതിരെ നടപടിയില്ലാത്തതിനെ ചോദ്യം ചെയ്ത് ശ്രീജിത്തിെൻറ കുടുംബം വീണ്ടും രംഗത്തെത്തിയിരുന്നു. രണ്ട് തവണ ചോദ്യം ചെയ്തിട്ടും വിട്ടയച്ചത് ജോർജിനെ രക്ഷിക്കാനാണെന്നും കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് എ.വി ജോർജിനും സസ്പെൻഷൻ ലഭിക്കുകയായിരുന്നു
അതേസമയം, ശ്രീജിത്ത് പ്രതിയാണെന്ന് വരുത്താൻ വ്യാജമൊഴി ചമക്കാൻ കൂട്ടുനിന്ന എ.വി. ജോർജ് കള്ളത്തെളിവുകളുണ്ടാക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്ത വാസുദേവെൻറ വീടാക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ആസൂത്രിതമായി ശ്രീജിത്തിെൻറ വീട്ടിൽനിന്ന് കണ്ടെടുക്കാനായിരുന്നു നീക്കം. എന്നാൽ, എസ്.െഎ ദീപക് ഇതിന് വഴങ്ങിയില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.