'പിപ്പിടികാട്ടി പേടിപ്പിക്കേണ്ട'; ശല്യമായ കുരങ്ങൻമാർക്കെതിരെ പാമ്പിനെ ഇറക്കി പൊലീസ്; കുലുങ്ങാതെ കുരങ്ങൻമാർ
text_fieldsഇടുക്കി: ശല്യമായ കുരങ്ങൻമാരെ ഒതുക്കാൻ പതിനെട്ടടവും പയറ്റിയിട്ടും തോറ്റ് തൊപ്പിയിട്ട് പൊലീസ്. ഇടുക്കി കട്ടപ്പന കമ്പം മേട്ടിലെ പൊലീസുകാരാണ് വാനരസംഘത്തെ തുരത്താൻ ശ്രമിച്ച് പരാജിതരായിരിക്കുന്നത്.
കുരങ്ങ് ശല്യം കൂടിയപ്പോൾ അവയെ പേടിപ്പിച്ച് ഓടിക്കാൻ ചൈനീസ് പാമ്പുകളെ പൊലീസ് ഇറക്കിയിരുന്നു. നേരത്തെ ഉടുമ്പൻ ചോലയിൽ കൃഷിയിടത്തിൽ ശല്യം തീർത്ത കുരങ്ങൻമാരെ ചൈനീസ് പാമ്പുകളെ ഉപയോഗിച്ച് കർഷകർ തുരത്തിയ സംഭവം വാർത്തയായിരുന്നു. അതിനാലാണ് അതേ തന്ത്രം പയറ്റാൻ പൊലീസും ശ്രമിച്ചത്. എന്നാൽ കുരങ്ങ് ശല്യം തീർന്നതുമില്ല, പാമ്പിനെ വാങ്ങിയ പൈസ നഷ്ടവുമായി എന്ന അവസ്ഥയാണിപ്പോൾ പൊലീസിന്റെത്.
കേരള -തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമേട്ട് പൊലീസ് സ്റ്റേഷൻ. തൊട്ടടുത്തുള്ള വനത്തിൽ നിന്നുള്ള വാനര സംഘത്തിന്റെ സ്ഥിരം വിഹാര കേന്ദ്രമാണ് സ്റ്റേഷൻ പരിസരം. സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുക, പൊലീസ് വാഹനമടക്കം നശിപ്പിക്കുക, പൊലീസുകാരുടെ മെസിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുക, സ്റ്റേഷനു മുന്നിലെ ഗ്രില്ലിൽ പിടിച്ച് പൊലീസുകാരോട് കോക്രികാട്ടുക, സ്റ്റേഷൻ വളപ്പിലെ പ്ലാവിൽ നിന്ന് ചക്ക കഴിച്ച് ചക്കക്കുരു സ്റ്റേഷനിലേക്ക് എറിയുക തുടങ്ങി എല്ലാവിധ പരാക്രമങ്ങളും പൊലീസുകാരുടെ അടുത്ത് ഇവറ്റകൾ എടുക്കുന്നുണ്ട്.
ശല്യം സഹിക്കാനാകാതെയായതോടെയാണ് ചൈനീസ് പാമ്പിനെ ഇറക്കാൻ പൊലീസുകാർ പദ്ധതിയിട്ടത്. സ്റ്റേഷന്റെ പലയിടങ്ങളിലായി പ്ലാസ്റ്റിക് പാമ്പിനെ സ്ഥാപിച്ചു. ആദ്യ രണ്ടു ദിവസം കുരങ്ങൻമാർ ഇവിടങ്ങളിലേക്ക് വന്നതേയില്ല. ശല്യം തീർന്നെന്ന് കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് പിപ്പിടി വിദ്യകളൊന്നും കാട്ടി വിരട്ടാൻ നോക്കേണ്ടെന്ന കണക്കെ പൂർവാധികം ശക്തിയോടെ കുരങ്ങൻമാർ സ്റ്റേഷൻ പരിസരത്തെത്തിയത്. പ്ലാസ്റ്റിക് പാമ്പിനെ കാട്ടിയാലൊന്നും പേടിക്കില്ലെന്നാണ് കുരങ്ങൻമാരുടെ പക്ഷം. എന്നാലും തോറ്റുകൊടുക്കാൻ പൊലീസും തയാറല്ല. വാനരൻമാരെ വിരട്ടാൻ മറ്റു തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.