പൊലീസ് വാഹനം മോട്ടോർ വാഹന വകുപ്പിന്റെ കരിമ്പട്ടികയിൽ
text_fieldsനാദാപുരം: നിയമലംഘനത്തിന് നടപടി നേരിട്ട പൊലീസ് വാഹനം നാദാപുരം കൺട്രോൾ റൂമിൽ. വടകര റൂറൽ പരിധിയിലെ നാദാപുരം പൊലീസ് സ്റ്റേഷൻ കൺട്രോൾ റൂമിലാണ് തിരുവനന്തപുരം, കണ്ടന്നൂർ ആർ.ടി ഓഫിസിൽ ബ്ലാക്ക് ലിസ്റ്റിൽപെട്ട വാഹനം ഓടുന്നത്. അമിതവേഗത്തിന് 2014 മുതൽ ഈ വാഹനം ആർ.ടി.ഒ.യുടെ കരിമ്പട്ടികയിലാണെന്നാണ് ആർ.ടി.ഒ യുടെ ആപ്പായ എം. പരിവാർ രേഖകളിൽ ഉള്ളത്. നാദാപുരം പൊലീസ് സേറ്റഷനിൽ ഉപയോഗത്തിലുള്ള പല വാഹനങ്ങളും ഏറെ പഴക്കംചെന്നവയാണ്. ഇതിനിടയിലാണ് ഈ വാഹനവും നാദാപുരത്തെത്തിയിരിക്കുന്നത്. വൈപ്പർ, സൈഡ് ഗ്ലാസുകൾ ഇല്ലാത്തത്, തേഞ്ഞുതീരാറായ ടയർ, ബാറ്ററി പ്രശ്നം, തള്ളി നീക്കേണ്ടത് എന്നിങ്ങനെ ഇവിടെയുള്ള വാഹനങ്ങളധികവും പരാധീനതകൾ നിറഞ്ഞതാണ്.
ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചാണ് നാദാപുരത്ത് പൊലീസിന്റെ പ്രവർത്തനം. വാഹന പരിശോധനക്കിറങ്ങുന്ന വാഹനങ്ങളിൽ പലതും മോട്ടോർ വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കാണിച്ച് അരൂരിലെ ഒരു ഓട്ടോ ഡ്രൈവർ വാഹനത്തിന്റെ രേഖകൾ സഹിതം സമൂഹ മാധ്യമത്തിൽ കുറിപ്പ് ഇറക്കിയതോടെയാണ് പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങളും ചർച്ചയായത്. വാഹന പരിശോധനയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർതന്നെ നിയമലംഘനം നടത്തുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. പലസ്ഥലത്തും അപകട വളവിലും മറ്റും നിർത്തിയിട്ടാണ് പൊലീസ് വാഹന പരിശോധന നടത്തുന്നതെന്നും വളവും വീതി കുറഞ്ഞതുമായ റോഡിൽ പൊലീസ് വാഹനം നിർത്തിയിടുന്നതുകൊണ്ട് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം സൃഷ്ടിക്കുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നതായും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.