കെ. റെയിൽ വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം: വനിത, മനുഷ്യാവകാശ കമീഷനുകളിൽ പരാതി
text_fieldsതിരുവനന്തപുരം: മാടപ്പള്ളിയിൽ സിൽവർലൈൻ വിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വനിതാ കമീഷനിലും മനുഷ്യാവകാശ കമീഷനിലും പരാതി. പൊലീസിന്റെ ക്രൂരമായ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായരാണ് മനുഷ്യാവകാശ കമീഷന് ഹരജി നൽകിയത്.
സ്ത്രീകളടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചുനീക്കി അറസ്റ്റ് ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാടപ്പള്ളിയിൽ അരങ്ങേറിയത്. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയത്. സംസ്ഥാനത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
45 വയസ്സ് തോന്നിക്കുന്ന സ്ത്രീക്ക് നേരെ പുരുഷ പൊലീസുകാർ നടത്തിയ ക്രൂരമായ അതിക്രമത്തിൽ വനിതാ കമീഷൻ ഇടപെടൽ ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രസിഡന്റ് ജേബി മേത്തറാണ് പരാതി നൽകിയത്. ന്യായീകരിക്കാനാകാത്ത അതിക്രമമാണ് സ്ത്രീക്ക് നേരെയുണ്ടായതെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയും അതിക്രമം നടന്നെന്നും പരാതിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.