പൊലീസ് ഇരക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?; പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ വി.ഡി. സതീശൻ
text_fieldsകൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ സി.ഐ പരിഹസിച്ചു. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിനെയും അറിയിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തത് അവിശ്വസനീയമാണ്. മാതാപിതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ഇതൊന്നും അനുവദിച്ച് നല്‍കാനാകില്ല. കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്ന സംഭവമാണ് പന്തീരാങ്കാവിലുണ്ടായത്. ഇതൊന്നും ആര്‍ക്കും സഹിക്കാനാകില്ല. എന്നിട്ടും പൊലീസിന് എന്താണ് പറ്റിയത്? അവര്‍ ഇരകള്‍ക്കൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ? ആലുവയില്‍ വീട് ആക്രമിച്ച കേസില്‍ പരാതിക്കാരനെ സ്റ്റേഷനില്‍ എത്തിച്ചതല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല.
പരാതിക്കാരന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നതിനിടെ വീണ്ടും അതേ ഗുണ്ടാസംഘം വീട് ആക്രമിച്ചു. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ- ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസംഗരായി നില്‍ക്കുകയാണ്. പൊലീസുകാരുടെ കൈകള്‍ കെട്ടപ്പെട്ട നിലയിലാണ്. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കു പോലും സംരക്ഷണം നല്‍കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.