സിനിമയെ വെല്ലുന്ന ഫയറിങ്; ഒറിജിനൽ വൈറലായി പൊലീസ്
text_fieldsതൃശൂർ: കാടിനകത്ത് ഗറില പോരാളികളെപോലെ യന്ത്രത്തോക്കുമായി കുതിക്കുന്ന വനിതകൾ അനായാസം തോക്കെടുത്ത് ഉന്നംപിടിക്കുന്നു, നിർത്താതെ ഫയർ ചെയ്യുന്നു. പശ്ചാത്തലത്തിൽ 'മാസ്' സംഗീതവും പഞ്ച് ഡയലോഗുകളും. വിഡിയോ കണ്ടാൽ ഏതെങ്കിലും ആക്‌ഷൻ സിനിമയുടെ ടീസറാണോ എന്ന് സംശയം തോന്നും.
എന്നാൽ, സിനിമയെ വെല്ലുന്ന ദൃശ്യങ്ങളോടെ പൊലീസ് അക്കാദമി തയാറാക്കിയ പ്രമോ വിഡിയോ ആണിത്. അക്കാദമിയിൽനിന്ന് പരിശീലനം നേടി പുറത്തിറങ്ങുന്ന പുതിയ വനിത ബാച്ചിന്‍റെ പാസിങ് ഔട്ടിന് മുന്നോടിയായി തയാറാക്കിയ പ്രമോഷനൽ വിഡിയോ വൈറലായിക്കഴിഞ്ഞു.
ഇത് സംവിധാനം ചെയ്തതും എഡിറ്റിങ് നിർവഹിച്ചതും അക്കാദമിയിലെ സിവിൽ പൊലീസ് ഓഫിസറായ വിഷ്ണു ബിജുവും ഛായാഗ്രഹണം പി.എസ്. അഭിലാഷുമാണ്. മൂന്നാമത്തെ വനിത ബാച്ചാണിത്. അത്യാധുനിക മുറകൾ ഉൾപ്പെടെ നൽകിയായിരുന്നു പരിശീലനം. ഇതുംകൂടി കണക്കിലെടുത്താണ് പ്രമോ വിഡിയോ തയാറാക്കിയത്. പരിശീലന സമയത്തെ ദൃശ്യങ്ങൾ അവർപോലും അറിയാതെ പകർത്തുകയായിരുന്നു.
വീടും കുടുംബവും വിട്ട് വന്നവർ ഒമ്പതുമാസത്തെ തീവ്രപരിശീലനത്തിനുശേഷം പൊലീസായി മാറുന്ന അഭിമാന കാഴ്ചക്ക് വിരുന്നൊരുക്കുകയാണ് പൊലീസ് അക്കാദമി. കുട്ടികളും അമ്മമാരും കുടുംബക്കാരും സുഹൃത്തുക്കളും കാൺകെ ധീരതയോടെ തോക്കേന്തി മാർച്ച് ചെയ്ത് 446 വനിത കാഡറ്റുകൾ ഞായറാഴ്ച കേരള പൊലീസിന്റെ ഭാഗമാകും.
രാമവർമപുരം പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ രാവിലെ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. തോരണങ്ങളും പൂച്ചെടികളും നിറഞ്ഞ മൈതാനത്ത് രാവിലെ 7.30ന് കാഡറ്റുകൾ പരേഡിന് അണിനിരക്കും. ഇതോടനുബന്ധിച്ച് ഡ്രസ് റിഹേഴ്സലും സാംസ്കാരിക പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.