കൊല്ലത്ത് അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ പൊലീസുകാരന് മർദനം; പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു
text_fieldsകൊല്ലം: അഭിഭാഷകനെ പൊലീസ് മർദിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെ കൊല്ലം കോടതി വളപ്പിൽ പൊലീസുകാരന് മർദനം. കോടതി വളപ്പിൽ നിര്‍ത്തിയിട്ട പൊലീസ് ജീപ്പിന്റെ ചില്ല് തകർക്കുകയും ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പള്ളിത്തോട്ടം സ്റ്റേഷനിലെ എ.എസ്.ഐ മനോരഥൻ പിള്ളക്കാണ് മർദനമേറ്റത്. ഇദ്ദേഹത്തെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസ് നടപടിക്കായി തിരുവനന്തപുരത്ത് നിന്നെത്തിയ പൊലീസുകാരെ രണ്ടു മണിക്കൂറോളം അഭിഭാഷകർ തടഞ്ഞുവെച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാർ എന്ന അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് മർദിച്ചെന്നാണ് അഭിഭാഷകരുടെ ആരോപണം. അതേസമയം, അക്രമത്തിൽ പങ്കില്ലെന്ന് കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.
അഭിഭാഷകനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കും വരെ കോടതി ബഹിഷ്കരിക്കാനും ബാർ അസോസിയേഷൻ തീരുമാനിച്ചു. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ടെന്നും അഭിഭാഷകർ അറിയിച്ചു. അതേസമയം, അഭിഭാഷകനായ ജയകുമാറിനെ മർദിച്ചിട്ടില്ലെന്നും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.