കോവിഡ് ഡ്യൂട്ടിക്കിടെ തലക്ക് പരിക്കേറ്റ പൊലീസുകാരൻ ആശുപത്രി വിട്ടു; സംസാരവും ചലനശേഷിയും മെച്ചപ്പെടുന്നു
text_fieldsആലുവ: കോവിഡ് ഡ്യൂട്ടിക്കിടെ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ ആശുപത്രി വിട്ടു. 24 ദിവസത്തെ ചികിത്സക്കുശേഷമാണ് അജീഷ് വീട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന്‍റെ സംസാരശേഷിയും ചലനശേഷിയും മെച്ചപ്പെട്ടിട്ടുണ്ട്.
കോവിഡ് മുന്നണിപ്പോരാളി കൂടിയായ സി.പി.ഒ അജീഷ് പോൾ ജൂൺ ഒന്നിനാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ആക്രമണത്തിന് ഇരയായത്. മാസ്ക് വെക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ യുവാവിന്‍റെ അക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചു.
സംസാരശേഷിയും വലത് കൈയിന്‍റെയും കാലിന്‍റെയും ചലന ശേഷിയും പൂർണമായും നഷ്ടപ്പെട്ടിരുന്നു. അജീഷിന്‍റെ ജീവൻ നിലനിർത്തുക എന്നതായിരുന്നു രാജഗിരി ആശുപത്രി ന്യൂറോസർജറി വിഭാഗം തലവൻ ഡോ. ജഗത് ലാൽ ഗംഗാധരൻ, ഡോ. മനോജ് നാരായണപ്പണിക്കർ, ഡോ. ജോ മാർഷൽ ലിയോ എന്നിവരടങ്ങിയ വൈദ്യസംഘത്തിൻറെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ അരമണിക്കൂറിനുള്ളിൽ ജീവൻ നിലനിർത്താനുള്ള അടിയന്തര ശസ്ത്രക്രിയ ആരംഭിക്കുകയും ഏകദേശം ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അജീഷ് പോളിനെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
പ്രഹരമേറ്റ തലയുടെ ഭാഗത്തിന്‍റെ പ്രത്യേകത കണക്കിലെടുത്താൽ റോഡപകടങ്ങളേക്കാളും ഗുരുതരമായിരുന്നു ഇദ്ദേഹത്തിൻറെ രോഗാവസ്ഥ. ആക്രമണത്തെ തുടർന്ന് അജീഷിന്‍റെ തലയോട്ടി തകർന്ന് തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ആ ഭാഗത്ത് ഗുരുതരമായ ചതവും സംഭവിച്ചിരുന്നു. തലച്ചോറിന്‍റെ ഇടതുവശത്ത് സംസാരശേഷി നിയന്ത്രിക്കുന്ന സ്പീച്ച് സെന്‍റർ സ്ഥിതിചെയ്യുന്ന ഭാഗത്ത് കനത്ത പ്രഹരമേറ്റതാണ് സ്ഥിതി ഗുരുതരമാക്കിയത്. സ്പീച്ച് സെന്‍ററാണ് ആശയങ്ങളെയും ചിന്തകളേയും വാക്കുകളായി സംസാരിക്കാൻ ഒരാളെ സഹായിക്കുന്ന പ്രധാന ഭാഗം.
ശസ്ത്രക്രിയക്ക് ശേഷം നില മെച്ചപ്പെട്ടതിനെ തുടർന്ന് നാലാം ദിവസം അജീഷ് പോളിന് വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുകയും തുടർന്ന് ഐ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ സഹായത്തോടെ അജീഷിന്‍റെ സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഏകദേശം സാധാരണ നിലയിലേക്ക് എത്തിക്കാൻ വൈദ്യസംഘത്തിന് സാധിച്ചു.
ശസ്ത്രക്രിയക്ക് ശേഷം ആദ്യദിവസങ്ങളിൽ സംസാരിക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ പറ്റാത്ത രീതിയിലായിരുന്ന അജീഷ് പോളിന് സ്പീച്ച് തെറാപ്പിയുടെ സഹായത്തോടെ ഇപ്പോൾ ചെറിയ കാര്യങ്ങൾ മനസ്സിലാക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. തലച്ചോറിലെ സ്പീച്ച് സെന്‍ററിനുണ്ടായ തകരാറ് മൂലം ഓർമയിലുള്ള പല കാര്യങ്ങളും ആശയവിനിമയം നടത്താൻ സാധിക്കാത്ത നിലയിലായിരുന്നു അജീഷ് പോൾ. ഈ അവസ്ഥ പലപ്പോഴും ഓർമ നഷ്ടപ്പെട്ടതായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. തുടർന്നും ആറ് മാസത്തോളം അജീഷ് പോളിന് സ്പീച്ച് തെറാപ്പി ആവശ്യമായിവരും.
ആശുപത്രിയിൽനിന്ന് പോകുന്ന അജീഷ് പോളിനെ വ്യാവസായിക മന്ത്രി പി. രാജീവ് സന്ദർശിച്ചു. ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തിയ വൈദ്യസംഘത്തിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടത്തിൽ അജീഷിനൊപ്പം താങ്ങും തണലുമായി നിന്ന പൊലീസ് സേനയിലെ സഹപ്രവർത്തകർക്കും അസോസിയേഷൻ ഭാരവാഹികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. അജീഷിന്‍റെ ചികിത്സകൾക്ക് നേതൃത്വം നൽകിയ രാജഗിരി ആശുപത്രി മാനേജ്മെന്‍റിനും ചികിത്സാ ചെലവുകൾ ഏറ്റെടുത്ത സർക്കാറിനുള്ള നന്ദിയും പൊലീസ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. പ്രവീൺ, അജിത്ത്, മനോജ് കുമാർ, ബിനോയ്, ഷിജു, ഹരികൃഷ്ണൻ എന്നിവർ അറിയിച്ചു.
ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ജഗത് ലാൽ ഗംഗാധരൻ, ഡോ. മനോജ് നാരായണപ്പണിക്കർ, ഡോ. ജോ മാർഷൽ ലിയോ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. സച്ചിൻ ജോർജ്, ഡോ. വിവേക് ടി. മേനാച്ചേരി, ഡോ. ആൻ റോസ് ജോർജ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം ഡോക്ടർ രമ്യാ മാത്യു, സ്പീച്ച് തെറാപ്പിസ്റ്റ് സാറാ പോൾ, ഫിസിയോതെറാപ്പിസ്റ്റ് അഭിലാഷ് മാത്യു എന്നിവർ ചികിത്സയിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.