എ.ടി.എം കാർഡ് തട്ടിപ്പുകേസിലെ പ്രതിയുടെ പണം തട്ടിയ പൊലീസുകാരന് സസ്പെൻഷൻ
text_fieldsതളിപ്പറമ്പ് (കണ്ണൂർ): മറ്റൊരാളുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് 70,000 രൂപ കവർന്ന കേസിലെ പ്രതിയായ യുവാവിെൻറ പക്കൽനിന്നും എ.ടി.എം കാർഡ് കൈക്കലാക്കി അരലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ. ശ്രീകാന്തിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
എ.ടി.എം തട്ടിപ്പുകേസ് പ്രതി പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ടി.പി. ഗോകുലിെൻറ സഹോദരിയുടെ എ.ടി.എം കൈക്കലാക്കി പണം തട്ടിയെന്നാണ് പരാതി. ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിെൻറ എ.ടി.എം കാർഡ് തട്ടിയെടുത്ത് 70,000 രൂപ കവർന്ന സംഭവത്തിൽ ഏപ്രിൽ മൂന്നിനാണ് ഗോകുലിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലാകുമ്പോൾ ഗോകുലിെൻറ കൈവശം സഹോദരിയുടെ എ.ടി.എം കാർഡ് ഉണ്ടായിരുന്നു. എ.ടി.എം കാർഡിെൻറ പിൻ നമ്പർ കേസിെൻറ ആവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയോട് ഫോണിലൂടെ വിളിച്ചുവാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസുകാരൻ ഏപ്രിൽ ഏഴു മുതൽ പെട്രോൾ പമ്പുകളിലും മദ്യശാലകളിലും മാളുകളിലും ഉൾപ്പെടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയായിരുന്നു.
എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈൽ ഫോണിൽ വന്നതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രെൻറ നിർദേശാനുസരണം സി.ഐ വി. ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ സി.പി.ഒ ശ്രീകാന്തിനു പങ്കുണ്ടെന്ന് വ്യക്തമായത്.
ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് റൂറൽ എസ്.പി മുമ്പാകെ സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് റൂറൽ എസ്.പി നവനീത് ശർമ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.