ചായ മെഷിൻ സ്ഥാപിച്ചതിന് പൊലീസുകാരന് സസ്പെൻഷൻ; ഐശ്വര്യ ഡോങ്റെയുടെ നടപടി വിവാദത്തിൽ
text_fieldsകൊച്ചി: കളമശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ ടീ വെൻഡിങ് മെഷീൻ സ്ഥാപിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ. അനുമതി ഇല്ലാതെ ഡ്യൂട്ടി സമയത്ത് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി. കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെയാണ് നടപടിയെടുത്തത്.
കഴിഞ്ഞ മാസം പതിനെട്ടാം തീയതിയായിരുന്നു കളമശേരി പൊലീസ് സ്റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് ചായയും ബിസ്‍കറ്റും നല്‍കുക എന്നത് ലക്ഷ്യം വെച്ചാണ് രഘുവും സഹപ്രവര്‍ത്തകരും സ്വന്തം കൈയില്‍ നിന്ന് പൈസയെടുത്ത് ടീ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷൻ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ചായയും ബിസ്ക്കറ്റും നൽകുന്ന പദ്ധതി നടപ്പാക്കിയതിന് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങളും സി.പി.ഒ രഘവുവിന് ലഭിച്ചിരുന്നു.
പദ്ധതി ഉദ്ഘാടന ദിവസം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കിയെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ രഘുവിന് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. കൂടെയുള്ള മറ്റൊരു ഉദ്യോഗസ്ഥനും സസ്പെന്‍ഷനിലായിട്ടുണ്ട്.
മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇത് ലംഘിച്ചെന്ന് കാണിച്ചാണ് സസ്‍പെന്‍ഷന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയോ എന്നും അന്വേഷിക്കുമെന്നും ഡി.സി.പിയുടെ ഉത്തരവിലുണ്ട്. എന്നാൽ സ്വന്തം കൈയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിരിച്ച പണമെടുത്താണ് പദ്ധതി നടപ്പിലാക്കിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നേരത്തെയും മാതൃകാപരമായ പ്രവൃത്തിയിലൂടെ പി.എസ് രഘു ശ്രദ്ധ നേടിയിരുന്നു. നെടുമ്പാശേറി വിമാനത്താവള പരിസരത്തു വെച്ച് പഴ്‌സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ കോവിഡ് ഉണ്ടെന്ന് ഭയന്ന് ആളുകള്‍ അകറ്റി നിര്‍ത്തി. രഘുവെത്തി ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും ഫ്രഞ്ച് എംബസിയെ അറിയിച്ച് സഹായമെത്തിക്കുകയും ചെയ്തിരുന്നു. ഇവര്‍ കയറിയ ഓട്ടോ സി.സി.ടി.വി ഉപയോഗിച്ച് കണ്ടെത്തി പഴ്‌സ് ഇവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അന്ന് കൊച്ചി ഐ.ജിയായിരുന്ന വിജയ് സാഖറെ ക്യാഷ് അവാര്‍ഡും പ്രശ്‌സ്തി പത്രവും നല്‍കി ഇദ്ദേഹത്തെ അനുമോദിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിൽ ഡി.സി.പിയെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്പെൻഷൻ എന്നാണ് പൊലീസുകാർക്കിടയിലെ സംസാരം. നേരത്തേ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ എത്തിയപ്പോൾ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ ഡി.സി.പി ശിക്ഷാനടപടി സ്വീകരിച്ചത് വിവാദത്തിലായിരുന്നു. സംഭവത്തിൽ ഡി.സി.പിയെ കമീഷണർ താക്കീത് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.