ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തില്ല; അവധിയിൽ പ്രവേശിച്ച് ഡോ. രാഹുൽ മാത്യു
text_fieldsമാവേലിക്കര: കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യു അവധിയിൽ പ്രവേശിച്ചു. സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സർവീസിൽ നിന്ന് രാജിവെക്കുകയാണെന്ന് രാഹുൽ മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷക്കാരനായിട്ട് പോലും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ഡോ. രാഹുല്‍ മാത്യു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മെയ് 14 നാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രൻ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കോവിഡ് ബാധിത ആയിരുന്ന അഭിലാഷിന്റെ അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മർദ്ദിച്ചത്.
ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു എന്നാൽ കോവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്.
അഭിലാഷിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ്. പ്രതിഷേധത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും.
രാവിലെ 10 മണി മുതൽ 11 മണി വരെ മറ്റു ഒ.പി സേവനങ്ങളും നിർത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ലെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.