ആലപ്പുഴയിൽ രണ്ടിടത്ത് പ്രതികളുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്
text_fieldsആലപ്പുഴ: ജില്ലയിൽ രണ്ടിടത്ത് പ്രതികൾ നടത്തിയ ആക്രമണത്തിൽ സി.ഐക്കും മൂന്ന് സിവിൽ പൊലീസ് ഓഫിസർമാർക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ആലപ്പുഴയിലും കുത്തിയതോട്ടുമാണ് സംഭവം. കൊട്ടേഷൻ ഗുണ്ടസംഘത്തിലെ സഹോദരങ്ങളായ രണ്ട് ക്രിമിനലുകളുടെ ആക്രമണത്തിൽ കുത്തിയതോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പട്ടണക്കാട് സ്വദേശി വിജേഷ് (42), വിനോയ് (35) എന്നിവർക്കാണ് കുത്തേറ്റത്. മറ്റൊരു ആക്രമണത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജേഷ് സദാനന്ദനാണ് (32) സാരമായി പരിക്കേറ്റത്. സൗത്ത് സി.ഐ എസ്. സനലിനും (38) പരിക്കേറ്റിട്ടുണ്ട്.
രാത്രി പത്തോടെ കോടംതുരുത്ത് രണ്ടാം വാർഡ് എഴുപുന്ന കരുമാഞ്ചേരി എസ്.എൻ.ഡി.പിക്ക് പടിഞ്ഞാറ് കൊടിയനാട് വീട്ടിൽ പൊന്നപ്പാസിെൻറ വീടിനു മുന്നിലായിരുന്നു ആദ്യസംഭവം. സ്ഥിരം കുറ്റവാളികളും സഹോദരങ്ങളുമായ കൊടിയനാട് വീട്ടിൽ ഗോഡ്സൺ ക്ലീറ്റസ് (25), ഗോഡ്വിൻ ക്ലീറ്റസ് (24) എന്നിവർ മാരകായുധങ്ങളുമായി സമീപത്തെ മത്സ്യവളർത്തൽ കേന്ദ്രത്തിലെ കാവൽക്കാരനെ ആക്രമിക്കാൻ എത്തുകയായിരുന്നു. അയാൾ ഓടി വീട്ടിൽ കയറിയപ്പോൾ ഇരുവരും വീടുകയറി ആക്രമിക്കാനാരംഭിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഗോഡ്സൺ കൈയിൽ കരുതിയ കത്തിയെടുത്ത് വിജേഷിനെ കുത്തി. തടയാൻ ശ്രമിച്ച വിനോയിക്കും കുത്തേറ്റു. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ വിജേഷിനെയും കൈക്ക് പരിക്കേറ്റ വിനോയിയെയും ഉടൻ പൊലീസ് ജീപ്പിൽ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമമിക ശുശ്രൂഷ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ വിജേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതികളെ കുത്തിയതോട് സി.ഐ എ.ഡി. ബിജുവിെൻറ നേതൃത്വത്തിൽ പിടികൂടി കേസെടുത്തു.
തിങ്കളാഴ്ച രാത്രി പത്തുമണിയോടടുത്ത് വലിയചുടുകാടിനു തെക്കുഭാഗത്താണ് രണ്ടാമത്തെ സംഭവം. കൃഷ്ണനിവാസിൽ ജീവൻകുമാറിെൻറ വീട്ടിൽ ലിനോജ്, കപിൽ ഷാജി എന്നിവർ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയതാണ് സംഭവങ്ങളുടെ തുടക്കം. ജീവൻകുമാറിെൻറ ഇളയമകനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. ഇയാളെ കിട്ടാതെ വന്നതോടെ കൈയിലുണ്ടായിരുന്ന ആയുധം വീശിയപ്പോൾ ജീവൻകുമാറിനും മൂത്തമകനും പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. മഴയും വൈദ്യുതി നിലച്ചതും തിരച്ചിലിനെ ബാധിച്ചു. മഴമാറി നിന്ന ശേഷം നടന്ന പരിശോധനയിൽ കണ്ടെത്തിയ ലിനോജിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന വാളുകൊണ്ട് സജേഷിനെ വെട്ടുകയായിരുന്നു. ബലപ്രയോഗത്തിനിടെയാണ് സി.ഐക്ക് പരിക്കേറ്റത്. സംഭവത്തിൽ ലിനോജിനെ പൊലീസ് ഉടൻ പിടികൂടി. കപിൽ ഷാജിക്കായുള്ള അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.