പൊലീസുകാരുടെ മരണം വൈദ്യുതി കെണിയിൽ കുരുങ്ങി; ഒരാൾ അറസ്റ്റിൽ
text_fieldsപാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ്രദേശവാസിയായ വർക്കാട് സ്വദേശി സുരേഷിനെയാണ് (49) ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീടിന് സമീപത്താണ് ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവർ ഷോക്കേറ്റ് മരിച്ചതെന്ന് പാലക്കാട് എസ്.പി. ആർ. വിശ്വനാഥ് പറഞ്ഞു. മൃതദേഹങ്ങൾ ക്യാമ്പിന് സമീപത്തെ വയലിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 1.30ഓടെ സുരേഷ് തന്നെയാണ് മൃതദേഹങ്ങൾ വയലിൽ കൊണ്ടിട്ടതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്കൊപ്പമുണ്ടായിരുന്ന ഫോണും മറ്റ് വസ്തുക്കളും ഇയാൾ സംഭവസ്ഥലത്തുനിന്ന് മാറ്റിയിട്ടു. മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാമ്പിന് സമീപത്തേക്ക് വലിച്ചെറിഞ്ഞെന്നും എസ്.പി പറഞ്ഞു.
മുട്ടിക്കുളങ്ങര കെ.എ.പി-2 ബറ്റാലിയൻ ക്യാമ്പ് മതിലിനോട് ചേർന്നാണ് സുരേഷിന്റെ വീടും കൃഷിയിടവും. വീടിന്റെ മതിലിനോട് ചേർന്നാണ് പന്നിക്കായി കെണി വെച്ചിരുന്നത്. രാത്രിയിൽ കെണിയിലേക്ക് വീട്ടിലെ അടുക്കളയിൽ നിന്ന് നേരിട്ട് വൈദ്യുതി കണക്ഷനും കൊടുത്തു. തുടർന്ന് രാത്രിയിൽ ഇതുവഴിവന്ന പൊലീസുകാർക്ക് ഷോക്കേൽക്കുകയായിരുന്നു. ഇരുവരും മീൻപിടിക്കാൻ ഇറങ്ങിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
വ്യാഴാഴ്ച പുലർച്ചെ ഇന്ഡിക്കേറ്ററുകൾ മിന്നുന്നത് കണ്ട് പന്നിയാണെന്ന് കരുതി വൈദ്യുതി ബന്ധം വിച്ഛേദിച്ച് പരിശോധിക്കാനിറങ്ങിയ സുരേഷ് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തുടർന്ന് ഒരാളുടെ മൃതദേഹം ചുമന്നും മറ്റെയാളുടേത് വീട്ടിലുള്ള കൈവണ്ടിയിൽ കയറ്റിയും സുരേഷ് സമീപത്തെ വയലിൽ കൊണ്ടുപോയിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
സുരേഷിനൊപ്പം മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മോഹൻദാസ്, അശോകൻ എന്നിവരുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. മോഹൻദാസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം 10.30ഓടെ അത്തിപ്പൊറ്റ പുഴ പാലത്തിന് സമീപമുള്ള പൊതുശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.