ഹെൽമെറ്റില്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട പൊലീസുകാരെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: ഹെൽമെറ്റില്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്.ഐമാരെയും ഡ്രൈവറെയും സ്ഥലംമാറ്റുകയാണ് ചെയ്തിരിക്കുന്നത്.
എസ്.ഐമാരായ എസ്. അസീം, എം. അഭിലാഷ്, ഡ്രൈവർ എം. മിഥുൻ എന്നിവർക്കെതിരെയാണ് നടപടി. എസ്.ഐമാരെ ജില്ല ക്രൈം ബ്രാഞ്ചിലേക്കും ഡ്രൈവറെ എ.ആർ ക്യാമ്പിലേക്കുമാണ് മാറ്റിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. പേട്ട സ്റ്റേഷനിലെ പൊലീസുകാർ വാഹനപരിശോധന നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ബ്ലോക്ക് ട്രഷറർ വി. നിഥിൻ ഹെൽമറ്റില്ലാതെ എത്തുകയായിരുന്നു. പിഴ അടക്കണം എന്ന് പൊലീസുകാർ ആവശ്യപ്പെട്ടപ്പോൾ താൻ ഡി.വൈ.എഫ്.ഐ ഭാരവാഹിയാണെന്നും അത്യാവശ്യമായി ഒരു സ്ഥലത്തേക്ക് പോകാനുണ്ടെന്നും ഇയാൾ മറുപറി പറഞ്ഞു.
തുടർന്ന് വാക്കേറ്റമുണ്ടാകുകയും നിഥിൻ ഇവിടെ നിന്നും പോകുകയും ചെയ്തു. പിന്നീട് വൈകുന്നേരം ആറോടെ പേട്ട സ്റ്റേഷനിലേക്ക് സി.പി.എം നേതാക്കളെയും പ്രവർത്തകരെയും കൂട്ടി നിഥിൻ എത്തി. പൊലീസുകാരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. സി.പി.എം ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധവും നടന്നു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.